'നിങ്ങൾ കൊണ്ടുപോയി കൊലയ്ക്ക് കൊടുത്തല്ലേ'; രാജീവ് ചന്ദ്രശേഖരിനെതിരെ തിരുമല അനിലിന്റെ ഭാര്യ

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ഭാര്യ രംഗത്ത്. നിങ്ങള് കൊണ്ടുപോയീ കൊലയ്ക്ക് കൊടുത്തല്ലെയെന്നും നിങ്ങളാരും സംരക്ഷിച്ചില്ല, സപ്പോര്‍ട്ടെങ്കിലും ചെയ്തിരുന്നേല്‍ ചേട്ടൻ ഇങ്ങനെ ചെയ്യില്ലായിരുന്നും അനിലിന്റെ ഭാര്യ ഐ എസ് ആശ പറഞ്ഞു. അനിലിന്റെ വീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖറിനോടാണ് ആശ തുറന്നടിച്ചത്.
'പാര്‍ടിയില്‍ വര്‍ഷങ്ങളായിട്ട് പ്രവര്‍ത്തിക്കുന്നതാണ്. അധികാരമോഹിയല്ലാത്തതു കൊണ്ടാണ് ഈ ഗതി വന്നത്. അനിച്ചേട്ടന് അവസാനം വന്ന ഫോണ്‍ ആരുടേയാണെന്ന് അന്വേഷിക്കണം'- ആശ പറഞ്ഞു. അണ്ണൂരിലെ വീട്ടിലെ പൊതുദര്‍ശനത്തിന് മുമ്പാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജില്ലാ പ്രസിഡന്റ് കരമന ജയനും എത്തിയത്.
ശനിയാഴ്ച രാവിലെ തിരുവനന്തപുരം കോർപറേഷനിലെ വാർഡ് കൗൺസിൽ ഓഫീസിനുള്ളിലാണ് അനിൽ കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച കൈരളിയിലെ വനിതാ മാധ്യമപ്രവർത്തകയ്ക്കെതിരെ രാജീവ് ചന്ദ്രശേഖർ ഭീഷണിപ്പെടുത്തിയിരുന്നു.
‘കൈരളി ആണേൽ നീ അവിടെ നിന്നാൽ മതി, നീ നിന്നാൽ മതി അവിടെ, നീ ചോദിക്കരുത്, നീ ചോദിക്കരുത്, മറുപടി തരില്ല’- എന്നായിരുന്നു രാജീവ് ആക്രോശിച്ചത്. പിന്നാലെ കൈരളി ന്യൂസിന്റെ ചോദ്യങ്ങളോട് കാണിച്ചുതരാമെന്ന് രാജീവ് ചന്ദ്രശേഖർ ഭീഷണി മുഴക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പും അനിലിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ബിജെപി അധ്യക്ഷനെ ചൊടിപ്പിച്ചത്.









0 comments