ധീരജിന്റെ സ്‌മരണ പുതുക്കി കലാലയവും നാടും

ചെറുതോണി
രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ വീരസ്‌മരണയിൽ ജ്വലിച്ച് നാട്. കെഎസ്‌യു–- യൂത്ത് കോൺഗ്രസ് അക്രമികളുടെ കഠാരമുനയിൽ ജീവൻ പൊലിഞ്ഞ ധീരജിന്റെ മൂന്നാം രക്തസാക്ഷിദിനം സമുചിതമായി ആചരിച്ചു. ഇടുക്കി എൻജിനിയറിങ് കോളേജിലെ ധീരജിന്റെ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സഹദേവൻ പതാക ഉയർത്തി. എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആദർശ് എം സജി പുഷ്‌പചക്രം അർപ്പിച്ചു. നേതാക്കൾ പുഷ്പാർച്ചന നടത്തി.
ചെറുതോണിയിൽ വിദ്യാർഥി റാലിയോടെയാണ് രക്തസാക്ഷി ദിനാചരണത്തിന് തുടക്കം കുറിച്ചത്. പാർടി ഓഫീസ് ജങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്നു. അനുസ്മരണസമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് പ്രസാദ് അധ്യക്ഷനായി. എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആദർശ് എം സജി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, എസ്എഫ് ഐ നേതാക്കളായ ടോണി കുര്യാക്കോസ്, ലിനുജോസ്, ജെനീഷ രാജൻ, ജില്ലാ സെക്രട്ടറി സഞ്ജീവ് സഹദേവൻ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ്
അനശ്വര രക്തസാക്ഷി ധീരജിന് നാടിന്റെ സ്‌മരണാഞ്ജലി. ധീരജ് രാജേന്ദ്രന്റെ മൂന്നാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ സ്‌മരണാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. നഗരത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യം വിളികളോടെയാണ് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രിയ സഖാവിന്റെ ധീരസ്‌മരണ പുതുക്കിയത്.
രാവിലെമുതൽ ധീരജ് രാജേന്ദ്രന്റെ തൃച്ചംബരം പട്ടപ്പാറയിലെ സ്‌മൃതി മണ്ഡപത്തിലും വീട്ടിലും വിദ്യാർഥികളെത്തി. തുടർന്ന് പ്രകടനമായി വൈറ്റ് വളന്റിയർമാരുടെയും ബാൻഡ് വാദ്യത്തിന്റെയും അകമ്പടിയോടെ പ്രകടനം നഗരത്തിലെത്തി. വൈറ്റ് വളന്റിയർമാരും ശുഭ്രപതാകയേന്തിയവരും അവർക്ക് പിന്നിലായി ധീരജിന്റെ ചിത്രംപതിച്ച പ്ലക്കാർഡുകളേന്തിയും ടീ ഷർട്ടുകൾ ധരിച്ചും വിദ്യാർഥികൾ അണിനിരന്നു. മെയിൻറോഡ്‌വഴി ടൗൺസ്‌ക്വയറിലെ ധീരജ് അനുസ്മരണ സമ്മേളന നഗരിയിൽ പ്രകടനം സമാപിച്ചു.
അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ ടി ബാലകൃഷ്‌ണൻ അധ്യക്ഷനായി.









0 comments