ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25–ാം വാർഷികം
ഇനി രണ്ടുനാൾ 'തൃശൂർ പെരുമ'; ആഘോഷങ്ങൾക്ക് തുടക്കം

തൃശൂർ പെരുമ ഉദ്ഘാടനം എം എ ബേബി നിർവഹിക്കുന്നു
തൃശൂർ: ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25–ാം വാർഷികം തൃശൂർ പെരുമയ്ക്ക് തുടക്കമായി. കേരളവർമ കോളേജിൽ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായി. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ സെമിനാർ കാഴ്ചപ്പാട് അവതരിപ്പിച്ചു.
ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ എം സ്വരാജ്, സംഘാടക സമിതി ജനറൽ കൺവീനർ കെ വി അബ്ദുൾഖാദർ, കെ രാധാകൃഷ്ണൻ എംപി, ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ്, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, എംഎൽഎമാരായ എ സി മൊയ്തീൻ, പി ബാലചന്ദ്രൻ, മുരളി പെരുനെല്ലി, വി ആർ സുനിൽകുമാർ, നജീബ് കാന്തപുരം, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പൊലീത്ത, എഐസി മസ്ജിദ് ഇമാം ഓണംപിള്ളി മുഹമ്മദ് ഫൈസി, എം എം വർഗീസ്, ബേബി ജോൺ, എൻ ആർ ബാലൻ, എം കെ കണ്ണൻ, പി കെ ഷാജൻ തുടങ്ങിയവർ പങ്കെടുത്തു.
നാടിന്റെ സംസ്‌കാരത്തിന്റെയും കലയുടെയും ആഘോഷത്തിന്റെയും സംവാദങ്ങളുടെയും രാപകലുകളാകും തൃശൂർ പെരുമ. കെട്ടുകാഴ്‌ചകൾക്കപ്പുറം തൃശൂരിന്റെ സമ്പന്നമായ പൈതൃകവും പോരാട്ടവീഥികളും ശനിയും ഞായറും നടക്കുന്ന പരിപാടികളിലൂടെ അടയാളപ്പെടുത്തും. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ചരിത്രവും വർത്തമാനവും ചർച്ച ചെയ്യും.
ഞായറാഴ്‌ച സെമിനാറുകൾക്കും സിമ്പോസിയങ്ങൾക്കും ശേഷം വൈകിട്ട് നാലിന് സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ അധ്യക്ഷനാകും. മന്ത്രിമാർ, എംപിമാർ തുടങ്ങി രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കൾ രണ്ടു ദിവസത്തെ പെരുമയിൽ പങ്കെടുക്കും.
തൃശൂരിന്റെ വിവിധമേഖലകളെ സംബന്ധിക്കുന്ന 40 സെമിനാറുകളിൽ നാനൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. സിമ്പോസിയങ്ങൾ, ചരിത്ര ഫോട്ടോ പ്രദർശനം ഭക്ഷ്യമേള, പുസ്‌തകോത്സവം, കലാ വിരുന്നുകൾ, മ്യൂസിക് ബാന്‍ഡ്, ഗസല്‍ എന്നിവയുമുണ്ടാകും. പ്രഗത്ഭരായ ശാസ്‌ത്രജ്ഞർക്കൊപ്പം പുതുതലമുറക്കാരായ വിദ്യാർഥികളും തൊഴിലാളികളും പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്നത് സവിശേഷതയാണ്. ആഘോഷത്തിന്റെ മുന്നോടിയായി വെള്ളിയാഴ്‌ച തൃശൂർ നഗരത്തിൽ വർണാഭമായ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.









0 comments