കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ: ഡോ. ഹാരിസ് ചിറയ്ക്കല്‍
ദേശാഭിമാനി എഡിറ്റോറിയലും മാധ്യമങ്ങൾ വളച്ചൊടിച്ചു

തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ സമൂഹമാധ്യമ കുറിപ്പിനെ ചൊല്ലിയുണ്ടാക്കിയ വ്യാജപ്രചാരണങ്ങളും മുതലെടുപ്പ് ശ്രമങ്ങളും തുറന്നുകാണിച്ച ദേശാഭിമാനി എഡിറ്റോറിയലും മാധ്യമങ്ങൾ വളച്ചൊടിച്ചു. പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റെടുത്ത കള്ള പ്രചാരവേലയുടെ ദുഷ്ടലാക്ക് വെളിപ്പെട്ടതോടെയാണ് എഡിറ്റോറിയൽ ഡോക്ടർക്കെതിരെയാണെന്ന് വരുത്തിത്തീർക്കാനുള്ള വൃഥാശ്രമം.
ഡോക്ടറുടെ കുറിപ്പ് വലിയൊരളവിൽ തെറ്റിദ്ധാരണയ്ക്ക് വഴിവച്ചെങ്കിലും അത് മുതലെടുത്ത് പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയത് ആരോഗ്യമേഖലയുടെ മികവിനെ തകർക്കാനുള്ള ഗൂഢാലോചനയാണെന്നാണ് എഡിറ്റോറിയൽ വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ കള്ളങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതോടെയാണ് ഡോക്ടർക്കെതിരെ ദേശാഭിമാനി എന്ന് പ്രചരിപ്പിക്കുന്നത്.
‘‘പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും മനസ്സിലാക്കാം. അതും ഒരു പോരായ്മയുടെ പേരിൽ മുച്ചൂടും തകർക്കാനുള്ള ശ്രമവും പക്ഷേ, ഒരുപോലെ കാണാനാകില്ല. പ്രതിപക്ഷമാണെന്ന് കരുതി വസ്തുതകൾ പറയേണ്ട എന്നുണ്ടോ. പൊതുവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാൻ സൂംബ നൃത്തത്തിന്റെ പേരിൽ തീവ്ര വർഗീയവാദികളെ ഇളക്കിവിടാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യം മനസ്സിലാക്കാം. അതിന്റെ പേരിൽ പാവപ്പെട്ട രോഗികളുടെ നെഞ്ചത്തേക്ക് കയറാനാണോ ഭാവം. എങ്കിൽ, അതെല്ലാം കാണാനും പ്രതികരിക്കാനും ഇവിടെ ജനങ്ങളുണ്ട് എന്നത് ആരും മറക്കരുത് ’’ –- എന്നാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരായ കൃത്യമായ വിമർശത്തെ ഡോക്ടർക്കെതിരായ നീക്കമായി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു മാധ്യമങ്ങൾ.
ഔദ്യോഗിക സ്ഥാനത്തിരുന്ന് സർക്കാരിനെതിരായി പരസ്യ വിമർശം നടത്തിയാൽ ചട്ടപ്രകാരമുള്ള നടപടികൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. അത് പ്രതീക്ഷിക്കുന്നതായി ഡോക്ടറും പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിനുശേഷം സർക്കാരാണ് അക്കാര്യങ്ങൾ തീരുമാനിക്കേണ്ടത്.
മുഖ്യമന്ത്രിയുടെ പ്രതികരണവും മാധ്യമങ്ങൾ വളച്ചൊടിച്ചു. ഡോക്ടറുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തിട്ടില്ല. ഏറ്റവും മികച്ച നിലയിൽ നടക്കുന്ന ആരോഗ്യമേഖലയെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ പരസ്യ പ്രതികരണം കാരണമായി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ: ഡോ. ഹാരിസ് ചിറയ്ക്കല്‍
ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തുന്നതെന്നും ആരോഗ്യവകുപ്പിനെയോ മന്ത്രിസഭയെയോ അല്ലെന്നും മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട ഫയൽ എങ്ങനെയാണ് കലക്ടറേറ്റിൽ രണ്ടുമാസത്തോളം മുടങ്ങിക്കിടക്കുന്നത്.
എന്നാൽ, പരാതിപ്പെട്ട അന്ന് രാത്രിയിൽ ഓർഡറായി. അടുത്തദിവസംതന്നെ ഹൈദരാബാദിൽനിന്ന് ഉപകരണം എത്തിച്ചു. ആവശ്യപ്പെട്ട മറ്റൊരു ഉപകരണവും കിട്ടി. മുടങ്ങിക്കിടന്ന ഫയലുകളിൽ ഒറ്റദിവസംകൊണ്ട് തീർപ്പായി. ഇതേപോലെ പ്രശ്നങ്ങൾ സ്ഥിരമായി പരിഹരിക്കാൻ സംവിധാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി തന്റെ ഗുരുനാഥനാണെന്ന് പറഞ്ഞ ഡോ. ഹാരിസ്, ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നെന്നും മാധ്യമങ്ങളോട് പറഞ്ഞു.









0 comments