print edition കണ്ണീർപ്പൂവായി ഡെൽന മരിയ സാറ

അങ്കമാലി
പ്രിയപ്പെട്ടവരുടെ മനസ്സിൽ ഒരിക്കലും വാടാത്ത കണ്ണീർപ്പൂവായി ഡെൽന മരിയ സാറ. അമ്മൂമ്മ കൊലപ്പെടുത്തിയ ആറുമാസം പ്രായമുള്ള ഡെൽനക്ക് ഹൃദയം തകരും വേദനയോടെ മാതാപിതാക്കളും ഉറ്റവരും നാടും വിടനൽകി.
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം വ്യാഴം പകൽ രണ്ടോടെയാണ് എടക്കുന്ന് ചീനി കരിപ്പാലയിലെ വീട്ടിൽ മൃതദേഹം എത്തിച്ചത്. പൊന്നോമനയുടെ ചേതനയറ്റ ദേഹം കണ്ടതോടെ അമ്മ റൂത്ത് വാവിട്ട് നിലവിളിച്ചു. അച്ഛൻ ആന്റണിയുടെയും നിയന്ത്രണം വിട്ടു. തോരാമിഴികളോടെ ഇരുവരും മകൾക്ക് അരികിൽ ഇരുന്നു. കുഞ്ഞനുജത്തിയുടെ ചാരെ കരഞ്ഞുകൊണ്ട് ചേട്ടൻ ഡാനിയേലുമുണ്ടായി.
നിരവധിപേരാണ് കുഞ്ഞുഡെൽനക്ക് യാത്രാമൊഴിയേകാൻ എത്തിയത്. വൈകിട്ട് 4.30 ഓടെ എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ബുധനാഴ്ചയാണ് അമ്മൂമ്മ റോസി കുഞ്ഞിനെ കൊലപ്പെടുത്തിയത്.
അമ്മൂമ്മ അറസ്‌റ്റിൽ
എടക്കുന്ന് ചീനികരിപ്പാല ഭാഗത്ത് താമസിക്കുന്ന ആന്റണി–-റൂത്ത് ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്‌റ്റിലായി. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63)യെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധൻ രാവിലെ ഒമ്പതോടെ കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റൂത്ത് അടുക്കളയിൽ പോയപ്പോൾ കത്തികൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു. കുടുംബപ്രശ്‌നമുണ്ടെന്നും ദേഷ്യം വന്നപ്പോൾ അങ്ങനെ ചെയ്യുകയായിരുന്നുവെന്നും റോസി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കത്തി റോസിയുടെ മുറിയിൽത്തന്നെയുണ്ടായിരുന്നു.
റോസിയെയും കുഞ്ഞിന്റെ മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും. സംഭവത്തിനുശേഷം അവശനിലയിൽ കണ്ട റോസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ മാനസികനില ശരിയല്ലെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും. റോസിയെ റിമാൻഡ് ചെയ്‌തു. ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ എ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.









0 comments