വീട്ടിലെ പ്രസവം നഷ്‌ടപ്പെടുത്തും അമ്മയുടെയോ കുഞ്ഞിന്റെയോ ജീവൻ

തിരുവനന്തപുരം : അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായിട്ടും വീട്ടിൽ പ്രസവം നടത്തുന്ന രീതി തുടരുന്നു. മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽവച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചത് ഞായറാഴ്ച. അജ്ഞതയും ശാസ്‌ത്രാവബോധവുമില്ലായ്മയുമാണ് ചിലരെയെങ്കിലും വീട്ടിൽ പ്രസവമെന്ന അനാരോഗ്യ തീരുമാനത്തിലേക്ക് നയിക്കുന്നത്. 2019 മുതൽ 2024 വരെ ഇത്തരത്തിൽ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 9 മാസത്തിൽ മലപ്പുറം ജില്ലയിൽ 4 കുഞ്ഞുങ്ങൾ മരിച്ചു. ആശാപ്രവർത്തകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ വീട്ടിലെ പ്രസവരീതി അവസാനിപ്പിക്കാനുള്ള വിപുലമായ പ്രചാരണം നടത്തുന്നുണ്ട്.
പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാകുമ്പോഴാണ് അമ്മയെ ആശുപത്രിയിലെത്തിക്കാൻ കുടുംബം തയ്യാറാകുന്നത്. ചിലയിടങ്ങളിൽ അതും നടക്കുന്നില്ല. ഇത് അമ്മയുടെയോ കുഞ്ഞിന്റെയോ ജീവൻ നഷ്‌ടപ്പെടുന്ന സാഹചര്യത്തിലെത്തിക്കും. വിദേശരാജ്യങ്ങളിൽ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ മാത്രമാണ് വീടുകളിൽ പ്രസവം നടത്തുന്നത്. അതിന് മാസങ്ങളുടെ തയ്യാറെടുപ്പും ഉണ്ടാകും. പ്രസവസമയത്തെ സങ്കീർണതകളും നേരിടാൻ സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണ്. പ്രസവം നീണ്ടുപോയാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം പോലും സംഭവിക്കാം.
ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനവും ഉപകരണങ്ങളും അത് കൈകാര്യം ചെയ്യാൻ നൈപുണ്യം നേടിയവരും ഉണ്ടെങ്കിലേ അമ്മയ്ക്കും കുഞ്ഞിനും അപകടം തരണം ചെയ്യാനാവൂ. വീട്ടിൽ പ്രസവിക്കുന്ന സ്ത്രീക്ക് ഇത്തരം ശുശ്രൂഷകൾ കിട്ടില്ലെന്നത് ഉറപ്പാണ്. അതിനാൽ അമ്മയെ ആശുപത്രിയിലെത്തിക്കുക പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. കേരളത്തിലെ മാതൃമരണ അനുപാതം ലക്ഷത്തിൽ 19 ആണ്, ഇന്ത്യയിൽ ഇത് 97ഉം. മാതൃ -ശിശു ആരോഗ്യത്തിൽ തുടർച്ചയായ ശ്രദ്ധ അത്യാവശ്യമാണ്. പ്രസവത്തിനുമുമ്പും ശേഷവുമുള്ള പരിചരണം, കുഞ്ഞിന് കൃത്യമായി പ്രതിരോധ കുത്തിവയ്‌പ്, പോഷകാഹാരം എന്നിവയും ഉറപ്പാക്കണം.









0 comments