യുട്യൂബ് ചാനൽവഴി 
അശാസ്ത്രീയ 
ചികിത്സ പ്രചരിപ്പിച്ചു

വീട്ടിലെ പ്രസവത്തിൽ മരണം ; മരണത്തിലേക്ക്‌ നയിച്ചത്‌ അന്ധവിശ്വാസം

Delivery At Home
വെബ് ഡെസ്ക്

Published on Apr 09, 2025, 01:45 AM | 2 min read


മലപ്പുറം : വീട്ടിൽ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിനി അസ്മയുടെ മരണത്തിനിടയാക്കിയത്‌ ഭർത്താവ്‌ സിറാജുദ്ദീന്റെ അന്ധവിശ്വാസം. വീട്ടിൽ പ്രസവിക്കാൻ യുവതിയെ പ്രേരിപ്പിച്ചത്‌ സിറാജുദ്ദീനാണെന്ന നിഗമനത്തിലാണ്‌ പൊലീസ്‌. അസ്‌മയുടെ ആദ്യ രണ്ട്‌ പ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീടുള്ള മൂന്ന്‌ പ്രസവവും വീട്ടിലും. അസ്‌മ അഞ്ചാമത് ഗർഭം ധരിച്ചത് രഹസ്യമാക്കിവച്ചു. ആശാ വർക്കറോടുപോലും ഇക്കാര്യം മറച്ചു. ജോലിയുടെ ഭാഗമായി മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ ഒന്നരവർഷമായി താമസിക്കുന്ന ഇയാൾ അയൽവാസികളോടുപോലും കാര്യമായി ബന്ധം പുലർത്തിയിരുന്നില്ല.


ഏഴാംക്ലാസ്‌ മാത്രം വിദ്യാഭ്യാസമുള്ള സിറാജുദ്ദീൻ ആത്മീയകാര്യം ആകർഷകമായി സംസാരിക്കുന്നതിനാൽ പല സ്ഥലങ്ങളിലുള്ള ആളുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളുടെ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ അസ്‌മ അയൽക്കാരോടുപോലും അടുത്തിടപഴകാതിരുന്നതെന്നാണ്‌ പൊലീസ്‌ കണ്ടെത്തൽ. വീട്ടിൽ വരുന്നവരോട് ജനൽപ്പാളിയുടെ മറവിൽനിന്നാണ് അസ്‌മ സംസാരിച്ചിരുന്നത്. ‘മടവൂർ ഖാഫില’ എന്ന യു ട്യൂബ് ചാനലിലൂടെ ഇയാൾ മതപ്രഭാഷണം, അന്ധവിശ്വാസം, അശാസ്ത്രീയ ചികിത്സ എന്നിവ നടത്തി. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതും അതുമായി ബന്ധപ്പെട്ട ശാസ്ത്രവിരുദ്ധ വീഡിയോകളും യു ട്യൂബ്‌ ചാനലിൽ അപ്‌ലോഡ് ചെയ്‌തിരുന്നു.


അസ്‌മയുടെ പ്രസവത്തിന്‌ വയറ്റാട്ടിയുടെ സഹായം ഇവർക്ക്‌ ലഭിച്ചിട്ടുണ്ട്‌. രക്തസാവ്രം ഉണ്ടായെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ല. മറുപിള്ള നശിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കാൻ സിറാജുദ്ദീൻ ശ്രമിച്ചു. വയറ്റാട്ടി, മൃതദേഹം പെരുമ്പാവൂരിലേക്ക്‌ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോവാൻ സഹായിച്ച സുഹൃത്തുക്കൾ എന്നിവരെ പൊലീസ്‌ ചോദ്യംചെയ്‌തേക്കും.


അന്വേഷണം 
വാട്‌സാപ്‌ 
ഗ്രൂപ്പുകളിലേക്കും

അന്ധവിശ്വാസങ്ങളും വീട്ടിലെ പ്രസവവും പ്രോത്സാഹിപ്പിക്കാനായി പ്രതി ചില വാട്സാപ്‌ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രതി ഉൾപ്പെട്ട ഇത്തരം നവമാധ്യമ ഗ്രൂപ്പുകളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് പ്രതി നടത്തിയ മറ്റു ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. വിവരശേഖരണത്തിന്ന് ആരോഗ്യവകുപ്പിന്റെ സേവനവും പൊലീസ്‌ തേടി.


കണ്ണീർ തോരാതെ അസ്‌മയുടെ ബന്ധുക്കൾ

പ്രസവത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ വീട്ടിൽ അസ്മയുടെ (35) വേർപാടിൽ കണ്ണീർ തോരാതെ ബന്ധുക്കൾ. ഉമ്മയുടെ പരിചരണം നഷ്ടപ്പെട്ട മക്കളെക്കുറിച്ചായിരുന്നു ബന്ധുക്കളുടെ ആശങ്ക. അസ്മയുടെ ഉമ്മ ഷെരീഫ (70) ഇപ്പോഴും തളർച്ചയിൽനിന്ന് മോചിതയല്ല.


അസ്മ അന്ധവിശ്വാസത്തിന്റെ ഇരയാകുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മതഗ്രന്ഥത്തിൽ പാണ്ഡിത്യമില്ലാത്ത അസ്മയുടെ ഭർത്താവ് സിറാജുദീൻ പിരിവിനുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മന്ത്രവാദത്തിന്റെ മാതൃകയിൽ ജിന്നിനെ ഒഴിപ്പിക്കൽ, വീട്ടിലെ ദുരിതങ്ങൾ മാറ്റൽ തുടങ്ങിയ സിദ്ധികൾ സ്വയം പ്രചരിപ്പിച്ചു. വീട്ടിലെ പ്രസവം എല്ലാവരും മാതൃകയാക്കണമെന്നാണ് ഇയാളുടെ ഉപദേശം. 4.100 കിലോയുള്ള ആൺകുഞ്ഞിന്റെ പ്രസവം എടുത്തതും സിറാജുദീൻ തന്നെയാണെന്ന് പറയുന്നു.


കുഞ്ഞ്‌ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. മുലപ്പാൽ കുടിക്കാത്ത കുഞ്ഞിന് ആശുപത്രിയിലെത്തിക്കുംമുമ്പ് ജീവൻ നിലനിർത്താൻ സംസം വെള്ളമാണ് കൊടുത്തത്. സിറാജുദീൻ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും മടവൂർ കാഫില എന്ന യുടൂബ് ചാനലിലെ വരുമാനംകൊണ്ടും അടുത്തിടെ ബെൻസ് കാർ സ്വന്തമാക്കിയിരുന്നു. അതിന് പെട്രോൾ നിറയ്ക്കാൻവരെ പിരിവെടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.


കുഞ്ഞ് ചികിത്സയിൽ തുടരുന്നു

അസ്‌മയുടെ കുഞ്ഞ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാതശിശുക്കൾക്കായുള്ള ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. മലപ്പുറത്ത് വാടകവീട്ടിൽവച്ചാണ് അസ്മ (35) രക്തം വാർന്ന്‌ മരിച്ചത്. പെരുമ്പാവൂരിലെ വീട്ടിൽ ആംബുലൻസിൽ എത്തിച്ച മൃതദേഹത്തിനരികിൽനിന്ന്‌ അസ്‌മയുടെ ബന്ധുക്കൾ ഇടപെട്ടാണ് കുഞ്ഞിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്‌. കുഞ്ഞിന്റെ നിലയിൽ മാറ്റമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home