ചിത്തിരപുരത്തെ തൊഴിലാളികളുടെ മരണം; രണ്ട് പേർക്കെതിരെ കേസെടുത്തു

അടിമാലി: ഇടുക്കി അടിമാലി ചിത്തിരപുരത്ത് നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോര്‍ട്ടിന്റെ ഉടമ പ്രധാന പ്രതി. റിസോർട്ടിന്റെ ഉടമയായ എറണാകുളം സ്വദേശി ഷെറിൻ അനില ഭർത്താവ് സെബി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്റ്റാപ് മെമ്മോ ലംഘിച്ച് നിർമാണ പ്രവൃത്തികൾ തുടർന്നതായാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നും ആരോപണമുണ്ട്.
ബുധനാഴ്ച വൈകിട്ട് നാലോടെ ചിത്തിരപുരത്തിന് സമീപമാണ് അപകടം. മിസ്റ്റി ബുഷസ് റിസോര്‍ട്ടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളികളായ ആനച്ചാല്‍ സ്വദേശി കുഴിക്കാട്ട് മറ്റത്തില്‍ രാജീവ്(38), ബൈസണ്‍വാലി ഈന്തുംതോട്ടത്തില്‍ ബെന്നി(49) എന്നിവരാണ് മരിച്ചത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്ത് മാറ്റിയതിന് ശേഷം കുഴിയില്‍ ഇറങ്ങി അവേശേഷിച്ച മണ്ണ് ഇരുവരും കൂടി കോരിമാറ്റുന്നതിനിടെ മന്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. പതിനഞ്ച് അടിയോളം ഉയരത്തില്‍നിന്നാണ് ഇവരുടെ മുകളിലേക്ക് മണ്ണ് പതിച്ചത്.
തൊഴിലാളികൾ ഏറെ സമയം മണ്ണിനടിയിൽ കുടുങ്ങികിടന്നു. അടിമാലി, മൂന്നാർ അഗ്നിരക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്ന് യന്ത്ര സഹായത്തോടെ ഏറെ സമയത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്.
അപകട സാധ്യതയുണ്ടെന്ന് അറിയാമായിരുന്നെങ്കിലും രണ്ട് തൊഴിലാളികളെ ഉപയോഗിച്ച് നിർമാണ പ്രവർത്തനം തുടർന്നു എന്നാണ് കണ്ടെത്തൽ. സെബിയെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. ഷെറിൻ അനിലയെയും ഉടനെ കസ്റ്റഡിയിലെടുത്തേക്കും. റിസോർട്ട് ഉടമകൾക്കെതിരെ ബിഎൻഎസ് 106 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.









0 comments