ആനയിറങ്കലിൽ വള്ളംമറിഞ്ഞ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ വള്ളം മറിഞ്ഞ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കൾ വൈകിട്ട് നാലിനാണ് മധ്യപ്രദേശ് സ്വദേശിയായ സന്ദീപ് സിങ് റാം(26) ആണ് വള്ളം മറിഞ്ഞ് ജലാശയത്തിൽ വീണത്. ഇയാളോടൊപ്പമുണ്ടായിരുന്നമറ്റ് നാല് അതിഥിത്തൊഴിലാളികളും വള്ളക്കാരനും നീന്തി രക്ഷപ്പെട്ടിരുന്നു.
ജലാശയത്തിന്റെ മറുകരയിലുള്ള പച്ചമരത്തൈ ഏലത്തോട്ടത്തിലെ തൊഴിലാളികളാണിവർ. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിവരുമ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന വള്ളം ശക്തമായ കാറ്റിനെ തുടർന്ന് മറിഞ്ഞത്. നാട്ടുകാരും മൂന്നാറിൽ നിന്നുള്ള അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും സന്ദീപ് സിങ്റാമിനെ കണ്ടെത്താനായില്ല. ചൊവ്വാ മുതൽ തൊടുപുഴയിൽനിന്നുള്ള അഗ്നിരക്ഷാ സ്കൂബാ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ, സന്ദീപ് സിങ് റാമിനെ കണ്ടെത്താൽ കഴിഞ്ഞില്ല.
തുടർന്ന് ദുരന്തനിവാരണ സേനയുടേയും റവന്യൂ വകുപ്പിന്റേയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. അഞ്ചാമത്തെ ദിവസമായ വെള്ളിയാഴ്ചയും തിരച്ചിൽ തുടരുന്നതിനിടയിൽ മൃതദേഹം ജലാശയത്തിൽ പൊങ്ങുകയായിരുന്നു. മൃതദേഹം കരയ്ക്കെത്തിച്ച് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് നടപടികൾ സ്വീകരിച്ചു.









0 comments