ഐഎൻടിയുസിയുടെ ഫണ്ടുപിരിവ്‌ തടയാൻ ഡിസിസി

intuc
avatar
സ്വന്തം ലേഖകൻ

Published on Apr 08, 2025, 09:22 AM | 1 min read

തിരുവനന്തപുരം: എസ്‌യുസിഐയുടെ സമരത്തെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരമെന്നോണം ഐഎൻടിയുസിയുടെ ഫണ്ടുപിരിവ്‌ തടയണമെന്ന്‌ തിരുവനന്തപുരം ഡിസിസി. രണ്ടുമാസംമുമ്പാണ്‌ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഫണ്ട്‌ പിരിക്കാൻ തീരുമാനിച്ച്‌ ജില്ലാ കമ്മിറ്റികളെ അറിയിച്ചത്‌. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡ്‌തലത്തിൽ 50,000 രൂപവീതം പിരിക്കാൻ തിരുവനന്തപുരം ഡിസിസി തീരുമാനിച്ചത്‌ കഴിഞ്ഞദിവസമാണ്‌. രണ്ടു ഫണ്ടുപിരിവും ഒരുമിച്ചുവരുന്നത്‌ ബാധിക്കുന്നതായും അതിനാൽ ഐഎൻടിയുസി ഫണ്ടുപരിവ്‌ തടയണമെന്നുമാണ്‌ ഡിസിസി കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടത്‌. ഇത്‌ കെപിസിസിയെ അറിയിക്കാനും തീരുമാനിച്ചു.


ഐഎൻടിയുസിക്കും കോൺഗ്രസിനും ഏതാനും നാളായി വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്‌. തൊഴിലാളി താൽപ്പര്യംവച്ചുള്ള ഐഎൻടിയുസിയുടെ പല നിലപാടുകളും കോൺഗ്രസ്‌ തള്ളിക്കളയുകയായിരുന്നു. എസ്‌യുസിഐ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിവരുന്ന ആശമാരുടെ പേരിലുള്ള സമരത്തെ ഐഎൻടിയുസി തുടക്കംമുതൽ തള്ളിയിരുന്നു. ഐഎൻടിയുസിയുടെ ആശാവർക്കേഴ്‌സ്‌ കോൺഗ്രസ്‌ എന്ന സംഘടന നിലനിൽക്കെ കെപിസിസി നേതാക്കൾ എസ്‌യുസിഐയുടെ സംഘടനയെ പിന്തുണച്ചത്‌ ഐഎൻടിയുസിയും അംഗീകരിച്ചില്ല. ആശാവർക്കേഴ്‌സ്‌ കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നതാണ്‌ കെപിസിസി നിലപാട്‌ എന്നാണ്‌ ഐഎൻടിയുസിയിൽ അംഗങ്ങളായ ആശാവർക്കർമാരുടെ അഭിപ്രായം.


കെപിസിസി സമ്മർദത്തിനു വഴങ്ങി ആശാ സമരത്തെ പിന്തുണയ്‌ക്കുന്നതായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ പ്രസ്‌താവന പുറപ്പെടുവിച്ചെങ്കിലും സമരരീതിയോട്‌ യോജിച്ചില്ല. ഇതിനിടെയാണ്‌ ഐഎൻടിയുസിയുടെ ഫണ്ടുപിരിവ്‌ തീരുമാനം വന്നത്‌. കെപിസിസിയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടുപിരിവ്‌ ചന്ദ്രശേഖരൻ അട്ടിമറിക്കുന്നു എന്നാണ്‌ ആരോപണം. എന്നാൽ, കോൺഗ്രസ്‌ ഫണ്ട്‌ പിരിക്കാൻ തീരുമാനിച്ചതായി അറിയില്ലെന്നാണ്‌ ചന്ദ്രശേഖരന്റെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Home