എൻ എം വിജയന്റെയും മകന്റെയും മരണം: വയനാട് ഡിസിസി യോഗത്തിൽ സംഘർഷം

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തെചൊല്ലി ഡിസിസി യോഗത്തിൽ സംഘർഷം. എൻ എം വിജയന്റെ ആത്മഹത്യയിൽ നേതാക്കൾക്കുള്ള പങ്കിൽ ഒരു വിഭാഗം നടപടിയാവശ്യപ്പെട്ടതോടെയാണ് തർക്കങ്ങളുണ്ടായത്. പ്രതി പട്ടികയിൽ ഉൾപ്പെട്ടവരെ മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ മറുഭാഗം ന്യായീകരിച്ചതോടെ യോഗത്തിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. പ്രതിഷേധം ഭയന്ന് നിരവധി തവണ മാറ്റിവെച്ച ഡിസിസി യോഗം ഇന്നാണ് നടന്നത്.
അതേസമയം കോൺഗ്രസ് നേതാക്കളെ വെള്ളപൂശിയാണ് കെപിസിസി നിയോഗിച്ച സമിതി സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചുർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സമിതി പ്രാഥമിക റിപ്പോർട്ടാണ് നൽകിയത്. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ ഏതെങ്കിലും നേതാവിന് പങ്കുള്ളതായി റിപ്പോർട്ടിൽ പറയുന്നില്ല. തുടക്കംമുതൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ ന്യായീകരിക്കുകയായിരുന്നു നേതൃത്വം എന്നതിനാൽ സമിതിക്ക് ഇതിൽ കൂടുതൽ ചെയ്യാനുമാകില്ലായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നും അതിനാൽ പാർടി ഇടപെടൽ വേണമെന്നും റിപ്പോർട്ടിലുണ്ടെന്നുമാണ് സൂചന.
കുടുംബത്തിന്റെ പരാതിയിൽ എന്തു നടപടി വേണമെന്ന് പരാമർശമില്ല. എൻ എം വിജയനും മകനും ജീവനൊടുക്കിയതിനെത്തുടർന്ന് പുറത്തുവന്ന ആത്മഹത്യാ കുറിപ്പിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരുടെ പേരുകളുണ്ടായിരുന്നു. പിടിച്ചുനിൽക്കാൻ പറ്റാതായതോടെയാണ് കെപിസിസി അന്വേഷണസമിതിയെ നിശ്‌ചയിച്ചത്.
Related News

0 comments