ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സാംബഡ അംഗങ്ങളെ ചോദ്യംചെയ്യും

കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ തലവനായ കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലവഴി ലഹരി വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഇവർ ഉടൻ അറസ്‌റ്റിലാകുമെന്നാണ് വിവരം. കെറ്റാമെലോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ലഹരിവാങ്ങിയവരെക്കുറിച്ചുള്ള സൂചനകളും എൻസിബിക്ക് ലഭിച്ചത്.
കൊറിയർ സ്ഥാപനങ്ങൾ, പോസ്‌റ്റ് ഓഫീസ് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ എഡിസണും കൂട്ടാളികളും അയച്ച പാഴ്‌സലുകളുടെ വിവരങ്ങൾ ലഭിച്ചിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുൾപ്പെടെയാണ് അയച്ചിരുന്നത്. എൻസിബിയുടെ വിവിധ യൂണിറ്റുകൾ ഇവിടങ്ങളിൽ തിരച്ചിൽ നടത്തി ചിലരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യംചെയ്യൽ പുരോഗമിക്കുന്നു.
എഡിസന്റെയും കൂട്ടാളിയുടെയും വിദേശനിക്ഷേപങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരുന്നു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. എഡിസണും അരുൺ തോമസിനും പിന്നാലെ അറസ്‌റ്റിലായ വാഗമണ്ണിലെ റിസോർട്ട് ഉടമകളായ ഡിയോൾ, ഭാര്യ അഞ്‌ജു എന്നിവരുടെ ഓസ്‌ട്രേലിയൻ ഇടപാടുകളിലും പരിശോധന നടക്കുന്നു. ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുംഗാദിൻ, ലോകത്തിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ഡോ.സ്യൂസ് എന്നിവയിലെ അംഗങ്ങളെ പിടികൂടാൻ രാജ്യാന്തര ഏജൻസികളുമായി ചേർന്നുള്ള ദൗത്യവും ആരംഭിച്ചു.
കെറ്റാമെലോൺ മയക്കുമരുന്ന് ഇടപാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സാംബഡ മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെയും എൻസിബി ചോദ്യംചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിമരുന്ന് കാർട്ടലാണ് സാംബഡ. 2023ൽ സാംബഡ അംഗങ്ങളെ എൻസിബി പിടികൂടിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്നയാളും ഇതിലുണ്ടായിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കെറ്റാമെലോണുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നത്.
എഡിസനെയും അരുണിനെയും നാളെ കസ്‌റ്റഡിയിൽ ലഭിക്കും
മൂവാറ്റുപുഴ സബ്‌ജയിലിൽ റിമാൻഡിലുള്ള ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് വിൽപ്പനശൃംഖല കെറ്റാമെലോൺ തലവൻ എഡിസൺ, സുഹൃത്ത് അരുൺ തോമസ് എന്നിവരെ തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ ലഭിച്ചേക്കും. സമാനമായ മറ്റൊരു കേസിൽ അറസ്‌റ്റിലായി കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വാഗമണ്ണിലെ റിസോർട്ട് ഉടമകളായ ഡിയോൾ, ഭാര്യ അഞ്‌ജു എന്നിവരെയും കസ്‌റ്റഡിയിൽ വാങ്ങും. അഞ്ചുദിവസത്തെ കസ്‌റ്റഡിയാണ് ആവശ്യപ്പെടുന്നത്. ഡാർക്ക്‌നെറ്റിന്റെ മുഖ്യസൂത്രധാരന്മാരായ ഡോ. സ്യൂസിൽനിന്ന് പാഴ്‌സൽവഴിയാണ് എഡിസൺ എൽഎസ്‌ഡി സ്‌റ്റാമ്പുകൾ എത്തിച്ചിരുന്നത്. തുടർന്ന് കെറ്റാമെലോൺവഴി ബന്ധപ്പെടുന്നവർക്ക് പാഴ്‌സലുകളിൽ അയക്കുകയായിരുന്നു പതിവ്. ക്രിപ്‌റ്റോകറൻസിയായ മൊനേറോയിലായിരുന്നു ഇടപാടുകൾ.
0 comments