കെറ്റാമെലോൺ കയറിയത് സാംബഡയുടെ ഒഴിവിൽ
എഡിസൺ കെറ്റാമെലോൺ തലവൻ , കൂട്ടാളിയും അറസ്‌റ്റിൽ ; ആദ്യമെത്തിച്ചത് സ്വന്തം ഉപയോഗത്തിന്

എഡിസന്റെ വസതി
രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് വിൽപ്പനശൃംഖല കെറ്റാമെലോണിന്റെ തലവനായ മൂവാറ്റുപുഴ സ്വദേശിയെ വിശദമായി ചോദ്യംചെയ്യാൻ നാർക്കോട്ടിക് കൺട്രോൺ ബ്യൂറോ (എൻസിബി). റിമാൻഡിലുള്ള മൂവാറ്റുപുഴ വള്ളക്കാലിൽ ജങ്‌ഷൻ മുളയംകാട്ടിൽ വീട്ടിൽ എഡിസനെ അഞ്ചുദിവസത്തേക്ക് കസ്‌റ്റഡിയിൽ വാങ്ങും. വ്യാഴാഴ്‌ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി കസ്‌റ്റഡി അപേക്ഷ പരിഗണിച്ചേക്കും.
എഡിസനൊപ്പം കസ്‌റ്റഡിയിലെടുത്ത കൂട്ടാളിയെ അറസ്‌റ്റ് ചെയ്‌തു. ഇയാളെ ചോദ്യംചെയ്യുകയാണ്. മൂവാറ്റുപുഴ സ്വദേശിയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എഡിസനെയും കൂട്ടാളിയെയും പിടികൂടിയതിനുപിന്നാലെ രാജ്യവ്യാപകമായി പരിശോധന നടത്തുകയാണ്.
കെറ്റാമെലോൺ മയക്കുമരുന്ന് ശൃംഖലയുടെ തലവൻ എഡിസനാണെന്നാണ് പ്രാഥമിക ചോദ്യംചെയ്യലിലെ കണ്ടെത്തൽ. രണ്ടുവർഷമായി ഇതുവഴി ഇയാൾ മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നു. ഡാർക്ക്‌നെറ്റ് വഴി സ്വന്തം ആവശ്യത്തിനാണ് ആദ്യം മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് കെറ്റാമെലോൺ ഒരുക്കുകയും ഇടപാടിലേക്ക് കടക്കുകയുമായിരുന്നു. നാലുമാസം നീണ്ട ‘മെലോൺ’ ദൗത്യത്തിനൊടുവിലാണ് എൻസിബി കൊച്ചി യൂണിറ്റ് കെറ്റാമെലോൺ ശൃംഖല തകർത്തതും എഡിസനെ പിടിച്ചതും. വീട്ടിലെ പരിശോധനയിൽ 1127 എൽഎസ്‌ഡി സ്‌റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന് 35.12 ലക്ഷം രൂപ മൂല്യംവരും. 70 ലക്ഷം രൂപയ്‌ക്കുതുല്യമായ ക്രിപ്‌റ്റോ കറൻസിയും പിടിച്ചു. ഇടപാടിന് ഉപയോഗിച്ചിരുന്ന പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഡാർക്ക്‌നെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്ന കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്‌റ്റം അടങ്ങിയ പെൻഡ്രൈവും പിടിച്ചെടുത്തിരുന്നു.
കെറ്റാമെലോൺ കയറിയത് സാംബഡയുടെ ഒഴിവിൽ
എഡിസൺ തലവനായ കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല ഈ രംഗത്തേക്ക് കടന്നുവന്നത് സാംബഡയുടെ ഒഴിവിൽ. 2023ൽ സാംബഡ എന്ന പേരിലുള്ള മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെ എൻസിബി പിടികൂടിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്നയാളും ഇതിലുണ്ടായിരുന്നു. ഇതോടെയാണ് ഈ രംഗത്തെ സാമ്പത്തിക സാധ്യത മനസ്സിലാക്കി സാംബഡ ബന്ധം പുലർത്തിയിരുന്ന ലഹരി ഉറവിട സ്രോതസ്സുകളുമായി എഡിസൺ ബന്ധം സ്ഥാപിച്ചതും വിൽപ്പനയിലേക്ക് കടന്നതും.
ഇന്ത്യയിൽ മാത്രമായിരുന്നു എഡിസന്റെ ലഹരിവിൽപ്പന. കൂടുതലും എൽഎസ്‌ഡിയാണ് വിറ്റിരുന്നത്. അതിവേഗം ഈ രംഗത്ത് ഇടപാടുകാരുടെ വിശ്വാസ്യത നേടാൻ ഇയാളുടെ കെറ്റാമെലോൺ ശൃംഖലക്കായി. കൃത്യമായ അളവിൽ മയക്കുമരുന്ന് എത്തിച്ചാണ് ലഹരി ഉപയോഗിക്കുന്നവരുടെ വിശ്വാസ്യത നേടിയത്.
ഉറവിടം ഡോ. സ്യുസ്
എഡിസന്റെ ലഹരിമരുന്നിന്റ ഉറവിടം ഡോ. സ്യുസ്. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഉള്ളവരാണ് ഡോ. സ്യുസ് ഡാർക്ക്‌നെറ്റ് സംഘത്തിലെ അംഗങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ എൽഎസ്‌ഡി മാഫിയയാണ് ഡോ. സ്യുസ്. ഇവരുടെതന്നെ ഭാഗമായി പ്രവർത്തിക്കുന്നതാണ് ഇംഗ്ലണ്ടിലെ ഗുംഗ ദിൻ സംഘവും. ഗുംഗ ദിനിൽനിന്നാണ് എഡിസൺ മയക്കുമരുന്ന് വാങ്ങിയിരുന്നത്. എൻസിബി നേരത്തേ പിടിച്ച സാംബഡ സംഘവും ഡോ. സ്യുസിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയിരുന്നത്.
പഠിച്ചത് എൻജിനിയറിങ്
മെക്കാനിക്കൽ എൻജിനിയറിങ്ങാണ് എഡിസൺ പഠിച്ചത്. പഠനശേഷം പുണെ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ ജോലിചെയ്‌തു. കുറച്ചുകാലം അമേരിക്കയിലായിരുന്നു. മടങ്ങിയെത്തിയശേഷമാണ് ലഹരിയിടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നാട്ടുകാരുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. ചില ബന്ധുക്കൾ എത്തിയിരുന്നെങ്കിലും വീട് പൂട്ടിയനിലയിലാണ്. വീടിന് തൊട്ടുമുന്നിൽ പുതിയൊരു ബഹുനില കെട്ടിടം നിർമാണം തുടങ്ങിയിട്ടുണ്ട്.
അതിവിദഗ്‌ധം, ഇടപാട് മൊനേറൊയിൽ
പാഴ്‌സൽ വഴിയാണ് എൽഎസ്‌ഡി എത്തിച്ചത്. പാഴ്‌സൽ വാങ്ങാൻ ഇയാൾതന്നെയാണ് പോയിരുന്നത്. ഇത് വീട്ടിൽ എത്തിക്കും. തുടർന്ന് കെറ്റാമെലോൺ വഴി ബന്ധപ്പെടുന്നവർക്ക് മയക്കുമരുന്ന് പാഴ്‌സലുകളിൽ അയക്കും. ക്രിപ്‌റ്റോ കറൻസിയായ മൊനേറൊയിലായിരുന്നു ഇടപാടുകൾ. ഇതുവരെയുള്ള പരിശോധനയിൽ ഒരുകോടിയുടെ ഇടപാട് കണ്ടെത്തി.









0 comments