ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ ശൃംഖല ; പ്രതികളുടെ സ്വത്തും നിക്ഷേപവും 
കണ്ടുകെട്ടാൻ നടപടി തുടങ്ങി

darknet drug mafia
വെബ് ഡെസ്ക്

Published on Jul 05, 2025, 02:55 AM | 2 min read


കൊച്ചി

ഡാർക്ക്‌നെറ്റിലെ കെറ്റാമെലോൺ മയക്കുമരുന്ന്‌ വിൽപ്പനശൃംഖലയിൽ പിടിയിലായ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ നടപടി തുടങ്ങി. കെറ്റാമെലോൺ സംഘത്തലവൻ മൂവാറ്റുപുഴ മുളയംകാട്ടിൽ വീട്ടിൽ എഡിസൺ, സുഹൃത്ത്‌ അരുൺ തോമസ്‌, സമാനമായ മറ്റൊരു കേസിൽ പിടിയിലായ വാഗമണ്ണിലെ റിസോർട്ട്‌ ഉടമകളായ ഡിയോൾ, ഭാര്യ അഞ്‌ജു എന്നിവരുടെ സ്വത്തുക്കളും നിക്ഷേപവും കണ്ടുകെട്ടാനാണ്‌ നടപടി ആരംഭിച്ചത്‌.


ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ സംഘത്തിന്റെ ഇന്ത്യയിലെയും വിദേശത്തെയും നിക്ഷേപം, ക്രിപ്‌റ്റോകറൻസി വഴിയുള്ള ഇടപാടുകൾ, മറ്റു സ്വത്തുവകകൾ എന്നിവ കണ്ടുകെട്ടാനാണ്‌ നീക്കം. പ്രതികളെ പിടികൂടിയ ദിവസംതന്നെ ഇന്ത്യയിലെ വിവിധ പണമിടപാട്‌ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ മരവിപ്പിച്ചിരുന്നു. അതേസമയം, ഇവരുടെ വിദേശനിക്ഷേപങ്ങൾ, ക്രിപ്‌റ്റോകറൻസി ഇടപാട്‌, മറ്റു സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ പൂർണമായും ലഭിച്ചിട്ടില്ല. എഡിസന്റേതടക്കം മരവിപ്പിച്ച അക്കൗണ്ടുകളിൽ കാര്യമായ നിക്ഷേപം ഉണ്ടായിരുന്നില്ലെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

നാലുമാസത്തിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ്‌ എൻസിബി കൊച്ചി യൂണിറ്റ്‌ കഴിഞ്ഞദിവസം കെറ്റാമെലോൺ ശൃംഖല കണ്ടെത്തി എഡിസനെ അറസ്‌റ്റ്‌ ചെയ്‌തത്‌. വീട്ടിൽനിന്ന്‌ 1127 എൽഎസ്‌ഡി സ്‌റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപയ്‌ക്കുതുല്യമായ ക്രിപ്‌റ്റോകറൻസിയും പിടിച്ചെടുത്തിരുന്നു.


ഡോ. സ്യൂസിലേക്ക്‌ 
എത്താനാകാതെ

രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ വിൽപ്പനശൃംഖലയായ കെറ്റാമെലോണിന്‌ മയക്കുമരുന്ന്‌ എത്തിക്കുന്ന ഡോ. സ്യൂസിലേക്ക്‌ അന്വേഷണം എത്തിക്കാനാകാതെ നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ. ഏറ്റവും കൂടുതൽ എൽഎസ്‌ഡി സ്‌റ്റാമ്പുകൾ ഉൽപ്പാദിപ്പിച്ച്‌ ലോകത്താകെ വിതരണം ചെയ്യുന്ന സംഘമാണ്‌ ഡോ. സ്യൂസ്‌. കാലങ്ങളായി രാജ്യാന്തര അന്വേഷക ഏജൻസികൾക്കെല്ലാം തലവേദനയാണ്‌ ഈ സംഘം.

കഴിഞ്ഞദിവസം അറസ്‌റ്റിലായ കെറ്റാമെലോൺ ശൃംഖലാതലവൻ എഡിസന്റെ ലഹരിമരുന്നിന്റെ ഉറവിടവും ഡോ. സ്യൂസാണ്‌. എഡിസന്റെ സുഹൃത്ത്‌ അരുൺ തോമസും അറസ്‌റ്റിലായിട്ടുണ്ട്‌. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമുള്ളവരാണ്‌ ഡോ. സ്യൂസ്‌ ഡാർക്ക്‌നെറ്റ്‌ സംഘത്തിലെ മുഖ്യസൂത്രധാരന്മാർ. ഈ സംഘത്തിലെ ഇടനിലക്കാരായ പലരെയും അന്വേഷക ഏജൻസികൾക്ക്‌ പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, സ്യൂസുമായി നേരിട്ട്‌ ബന്ധമുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവിധ രാജ്യങ്ങളിൽ അതീവരഹസ്യമായി സ്യൂസിന്റെ എൽഎസ്‌ഡി സ്റ്റാബ്‌ നിർമാണ ലാബുകളുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ ചിത്രങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഘാംഗങ്ങൾക്കുപോലും പരസ്‌പരം അറിയാതെയാണ്‌ ലോകമാകെയുള്ള ഇവരുടെ മാഫിയാപ്രവർത്തനമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.


പ്രതികളെ 
കസ്‌റ്റഡിയിൽ 
വാങ്ങും

മൂവാറ്റുപുഴ സബ്‌ജയിലിൽ റിമാൻഡിലുള്ള ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ വിൽപ്പനശൃംഖല കെറ്റാമെലോൺ തലവൻ എഡിസനെയും സുഹൃത്ത്‌ അരുൺ തോമസിനെയും നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി എൻസിബി മൂവാറ്റുപുഴ കോടതിയിൽ അപേക്ഷ നൽകി. തിങ്കളാഴ്‌ച ഇവരെ കസ്‌റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ്‌ പ്രതീക്ഷ.


സമാനമായ മറ്റൊരു കേസിൽ അറസ്‌റ്റിലായി കാക്കനാട്‌ ജില്ലാ ജയിലിൽ കഴിയുന്ന വാഗമണ്ണിലെ റിസോർട്ട്‌ ഉടമകളായ ഡിയോൾ, ഭാര്യ അഞ്‌ജു എന്നിവരെയും അടുത്തദിവസം കസ്‌റ്റഡിയിൽ വാങ്ങും. ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ ഇടപാടിൽ കൂടുതൽ വമ്പന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്‌ വിവരം. വെബ്‌സൈറ്റുകൾ കൂടാതെ, പ്രതികളുടെ മൊബൈലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.


ഡാർക്ക്‌നെറ്റിന്റെ മുഖ്യസൂത്രധാരന്മാരായ ഡോ. സ്യൂസിൽനിന്ന്‌ പാഴ്‌സൽവഴിയാണ്‌ എഡിസൺ എൽഎസ്‌ഡി സ്‌റ്റാമ്പുകൾ എത്തിച്ചിരുന്നത്‌. തുടർന്ന്‌ കെറ്റാമെലോൺവഴി ബന്ധപ്പെടുന്നവർക്ക്‌ പാഴ്‌സലുകളിൽ അയക്കുകയായിരുന്നു പതിവ്‌. ക്രിപ്‌റ്റോകറൻസിയായ മൊനേറോയിലായിരുന്നു ഇടപാടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home