കെറ്റാമെലോൺ കേസ് ; പ്രതികളെ എൻസിബി ചോദ്യംചെയ്തുതുടങ്ങി

കൊച്ചി
കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് മയക്കുമരുന്നുശ്യംഖലവഴി ലഹരിവിൽപ്പന നടത്തിയ കേസിൽ മൂവാറ്റുപുഴ സ്വദേശി എഡിസൺ, സുഹൃത്ത് അരുൺ തോമസ്, മറ്റൊരു കേസിൽ അറസ്റ്റിലായ ഡിയോൾ എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യംചെയ്തുതുടങ്ങി. ഇന്റലിജന്റ്‌സ് ബ്യൂറോയും ചോദ്യംചെയ്തതായാണ് വിവരം.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടർ, ഫോണുകൾ എന്നിവയും പരിശോധിക്കുന്നു. വിദേശത്തുനിന്ന് എത്തിച്ച പാഴ്സലുകളുടെ എണ്ണം കണ്ടെത്താനും ശ്രമം തുടങ്ങി. ഓസ്‌ട്രേലിയയിലേക്ക് കെറ്റമിൻ കടത്തിയതിന് പിടിയിലായ ഡിയോളും ഭാര്യ അഞ്‌ജുവും ഡാർക്ക്നെറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് നിഗമനം. ഡിയോളിനെ ചോദ്യംചെയ്യുന്നതിലൂടെ ഇതിൽ വ്യക്തത വന്നേക്കും.
കെറ്റാമെലോൺ ശൃംഖലവഴി വൻതുകയുടെ ഇടപാടുകൾ നടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇഡിയും അന്വേഷണം നടത്തും. ആയിരത്തോളം ഇടപാടുകളിലായി പ്രതികൾ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായാണ് വിവരം. കള്ളപ്പണം വെളുപ്പിച്ചതായും സംശയിക്കുന്നു. എൻസിബിയിൽനിന്ന് കേസിന്റെ വിശദാംശങ്ങൾ ഇഡി തേടിയതായാണ് സൂചന.









0 comments