എൽഡിഎഫിന് 
തുടർഭരണം 
ഉറപ്പ്‌ : ഡി രാജ

d raja Cpi State Conference
വെബ് ഡെസ്ക്

Published on Sep 13, 2025, 01:25 AM | 1 min read


ആലപ്പുഴ

സംസ്ഥാനത്ത്‌ എൽഡിഎഫിന് തുടർഭരണവും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയവും ഉറപ്പാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി കേരളത്തിലെ സമസ്‌തമേഖലകളിലും വികസനമുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായവരാണ് കമ്യൂണിസ്‌റ്റുകാർ. അവരുടെ ദേശസ്‌നേഹം ആർക്കും ചോദ്യംചെയ്യാൻ അവകാശമില്ല. സ്വാതന്ത്ര്യസമരങ്ങളിൽ ആർഎസ്എസിന്‌ ഒരു പങ്കുമില്ല. ഇന്ത്യ അപകടകരമായ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌. മോദി സർക്കാർ അദാനിയും അംബാനിയുമുൾപ്പെടുന്ന കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഡി രാജ പറഞ്ഞു.


ഇടതുപക്ഷ ഐക്യത്തെയും മൂല്യങ്ങളെയും ശക്തിപ്പെടുത്തുമെന്നും സിപിഐ – സിപിഐ എം ബന്ധം ദൃഢമാക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. സമാപനസമ്മേളനത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത്‌ വെളിച്ചത്തിന്റെ തുരുത്തായി നിലകൊള്ളുന്നത്‌ ഇടതുപക്ഷമാണ്‌. ആ വെളിച്ചം കെട്ടുപോകാതെ നാടിനെ നയിക്കണമെന്ന്‌ സിപിഐക്ക്‌ നിർബന്ധമുണ്ട്‌. എല്ലാത്തരം നീതിയെയും വെല്ലുവിളിക്കുന്ന ആർഎസ്‌എസും ബിജെപിയുമാണ്‌ എതിര്‌. യുഡിഎഫ്‌ അവരുടെ സുഹൃത്തുക്കളാണ്‌. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന്‌ സ്വന്തം രാഷ്‌ട്രീയത്തിന്റെ മർമം തിരിച്ചറിയാനാകുന്നില്ല. കേരളത്തിലെ കോൺഗ്രസ്‌ അന്ധമായ ഇടതുവിരുദ്ധത കാരണം ബിജെപിയും എസ്‌ഡിപിഐയും ഉൾപ്പെടുന്ന വർഗീയശക്‌തികളുമായി കൈകോർക്കുന്നു. ഇ‍ൗ ആപത്തിനെക്കുറിച്ച്‌ തികഞ്ഞ ബോധ്യം സിപിഐക്കുണ്ട്‌. വർഗീയ ശക്‌തികൾക്കെതിരെയുള്ള സമരത്തിൽ ആയുധമായുള്ളത്‌ എൽഡിഎഫാണ്‌. ഇടതുപക്ഷമാണ്‌ ഇന്ത്യയുടെ ഭാവി എന്ന്‌ പാർടിക്കറിയാം. തദ്ദേശ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ്‌ മുന്നേറ്റം തടയാനാകില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home