സൈബർ അധിക്ഷേപത്തിൽ തെളിവ് ശേഖരണം തുടങ്ങി; മെറ്റയ്ക്ക് കത്തയച്ച് അന്വേഷണസംഘം

കൊച്ചി: സിപിഐ എം നേതാക്കൾക്കെതിരായ സൈബർ അധിക്ഷേപത്തിൽ അന്വേഷണസംഘം തെളിവ്ശേഖരം തുടങ്ങി. പ്രതികളുടെ സോഷ്യൽ മീഡിയ വിവരങ്ങൾ തേടി മെറ്റയ്ക്ക് പൊലീസ് കത്ത് നൽകി. സിപിഐ എം നേതാക്കളായ കെ ജെ ഷൈനും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും നൽകിയ പരാതിയിൽ പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും യൂടൂബർ കെ എം ഷാജഹാനുമെതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.
ലഭ്യമായ എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറിയെന്ന് കെ ജെ ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്ത ജില്ലകളിൽനിന്ന് പരാതി വരുന്നുണ്ട്. പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും ഷൈൻ പറഞ്ഞു. വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ ഇന്ന് അന്വേഷണസംഘത്തിന് മൊഴിനൽകും.
സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രത്യേക അന്വേഷണത്തെ രൂപീകരിച്ചിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സൈബർ അധിക്ഷേപ പരാതി അന്വേഷിക്കുന്നത്. കൊച്ചി സൈബർ ഡോമിലെയും കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലെ വീഡിയോകളും പോസ്റ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
യുട്യൂബ് ചാനലിലൂടെ വ്യാജവും അധിക്ഷേപകരവുമായ പരാമർശം നടത്തിയതിന് എറണാുളം ജില്ലയിലെ സിപിഐ എം എംഎൽഎമാർ ഷാജഹാനെതിരെ പരാതി നൽകിയിട്ടുണ്ട്. ആന്റണി ജോൺ, കെ ജെ മാക്സി, പി വി ശ്രീനിജിൻ എന്നിവർ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്.









0 comments