അന്താരാഷ്ട്ര സമുദ്രഗവേഷണ സംഘത്തിൽ കുസാറ്റും

ഗവേഷക സംഘാംഗങ്ങളായ ജോർജ് സ്നിജിൻ, എലൻ റെജി, അക്ഷയ ഹരിദാസ്, ഡോ. സുധീഷ് വി എസ് എന്നിവർ
കളമശേരി
ബംഗാൾ ഉൾക്കടലിൽ ആഗോളതലത്തിൽ നടക്കുന്ന സമുദ്രശാസ്ത്ര ഗവേഷണയാത്രയിൽ കുസാറ്റ് പങ്കാളിത്തവും. ലോകോത്തര ഓഷ്യാനോഗ്രാഫിക് ഗവേഷണ കപ്പലായ ആർ വി തോമസ് ജി തോംസണിൽ ജൂൺ 22 മുതൽ ആഗസ്റ്റ് 9 വരെ നടക്കുന്ന സമഗ്രഗവേഷണത്തിൽ ജോർജ് സ്നിജിൻ (പ്രോജക്റ്റ് അസിസ്റ്റന്റ്, കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗം, കുസാറ്റ്) ഓഷ്യാനോഗ്രഫി വകുപ്പിലെ പൂർവവിദ്യാർഥികളായ ഡോ. സുധീഷ് വി.എസ്.
(ടെക്‌നിക്കൽ ഓഫീസർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള), അക്ഷയ ഹരിദാസ് (പിഎച്ച്ഡി ഗവേഷക, യൂണിവേഴ്സിറ്റി ഓഫ് മാസ്സചൂസറ്റ്സ്, യുഎസ്), എലൻ റെജി (പിഎച്ച്ഡി ഗവേഷക, യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലൈന, യുഎസ്) എന്നിവർ പങ്കെടുക്കും. ഐഎസ്ആർഒയുമായി സഹകരിച്ച് കുസാറ്റിലെ കെമിക്കൽ ഓഷനോഗ്രഫി ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായ ഡോ. ഷജു എസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് നടത്തുന്ന സമുദ്രപഠനമാണ് ഈ ഗവേഷണ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഗവേഷണസംഘത്തിൽ എട്ട് രാജ്യങ്ങളിലെ 17 ഗവേഷണ സ്ഥാപനങ്ങളിൽനിന്നുള്ള 30 ഗവേഷകർ പങ്കെടുക്കുന്നുണ്ട്.
നൂതന ശാസ്ത്ര ഉപകരണങ്ങൾ വഹിക്കുന്ന ഈ കപ്പൽ സമുദ്രങ്ങളിലൂടെയുള്ള ജൈവരാസവൈവിധ്യത്തെ നിരീക്ഷിക്കുകയും ഓക്സിജൻ മിനിമം സോണുകളും അതിന്റെ സമുദ്ര ജൈവരാസ ചക്രങ്ങളിൽ ഉണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യും.








0 comments