എം എ ബേബിക്ക് എകെജി സെന്ററിൽ പ്രവർത്തകരുടെ വരവേൽപ്

തിരുവനന്തപുരം: മധുരയിലെ 24ാം പാര്‍ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി തിരുവനന്തപുരം എ കെ ജി സെന്ററിൽ എത്തി. പ്രവർത്തകരും നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, മന്ത്രി വി ശിവൻകുട്ടി, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് , എ എ റഹിം എം പി തുടങ്ങിയവര്‍ ഓഫീസിൽ ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്.
പാര്‍ട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് എം എ ബേബി പ്രതികരിച്ചു. പാർടി ജനറൽ സെക്രട്ടറിയുടെ സ്ഥാനമേറ്റെടുക്കാൻ പ്രാപ്തരായ ഒട്ടേറെ പേർ ഇപ്പോൾ പാർടിയിലുണ്ട്. എന്നാൽ അവർ ചേർന്ന് ചുമതല ഏൽപ്പിക്കുകയായിരുന്നു. ഇവിടെ നൽകിയ സ്വീകരണം വ്യക്തിപരമായി എനിക്കുള്ളതല്ല. പാർടിയെ ജനങ്ങൾ എത്രമാത്രം സ്നേഹിക്കുന്ന എന്നതിന്റെ ഉദാഹരണമാണ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാര്‍ട്ടിയെ സജ്ജമാക്കാൻ ഇതേ ആവേശത്തിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും എം എ ബേബി പറഞ്ഞു.
രാജ്യത്ത് നവ വര്‍ഗീയ ഫാസിസം ശക്തിപ്പെടുന്നു. എമ്പുരാന്‍ സിനിമയ്ക്കു നേരെ നടന്നത് ഹീനമായ കടന്നാക്രമണമാണ്. ഗുജറാത്തിൽ നടന്ന വർഗീയ തേർവാഴ്ചയെക്കുറിച്ചും കൂട്ടക്കുരുതിയെക്കുറിച്ചും സിനിമയിൽ പരാമർശങ്ങളുണ്ട്. അതിന്റെ പേരിൽ തുടർ ആക്രമണ പരമ്പരകളാണ് സിനിമയുമായി ബന്ധപ്പെട്ട ആളുകൾക്ക് നേരിടേണ്ടി വന്നത്. ഇതിൽ ശക്തമായ നിയമ ലംഘനമുണ്ട്. സിനിമ ഒളിച്ചുകടത്തി തീയറ്ററിൽ പ്രദർശിപ്പിക്കുകയായിരുന്നില്ല. സെൻസർബോർഡ് അനുമതി നൽകിയതിന് ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ നടന്നത് ഫാസിസ്റ്റ് നടപടിയാണ്.
നമ്മുടെ ഇന്ത്യാ രാജ്യം വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഇതിനെ അഭിമുഖീകരിക്കാൻ വളരെ വ്യക്തമായ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സംരക്ഷണത്തിന് ഇന്ത്യയിലെ പാർടി ഒന്നടങ്കം അണി നിരക്കേണ്ടതുണ്ട്. കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ കേന്ദ്ര സർക്കാർ സാമ്പത്തികമായി സംസ്ഥാന സർക്കാരിനെ കഴുത്ത് ഞെരിക്കുന്ന സമീപനമുണ്ട്. അതിനെ അതിജീവിച്ചുകൊണ്ടാണ് അഭിമാനകരമായ ബദൽ നയങ്ങൾ നടപ്പാക്കി അഭിമാനകരമായ നേട്ടങ്ങൾ കേരളം കൈവരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മധുരയിൽ തൊപ്പകുളത്തെ പി രാമമൂർത്തി പ്രതിമയിൽ ഹാരമണിയിച്ച് അഭിവാദ്യം ചെയ്തു. രാവിലെ പതിനൊന്നിനാണ് പൊളിറ്റ് ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, സെക്രട്ടറിയേറ്റ് അംഗം കണ്ണൻ എന്നിവർക്കൊപ്പം തൊപ്പകുളത്ത് എത്തിയത്. ഇതിനു ശേഷം പാർടി ആസ്ഥാനത്തെ ശിങ്കാരവേലൻ രക്തസാക്ഷി മണ്ഡപത്തിലും എത്തി അഭിവാദ്യം അർപ്പിച്ചു. പാർടി പ്രവർത്തകരുമായി കൂടികാഴ്ച നടത്തിയ ശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്.









0 comments