ഇഡി സംഘപരിവാർ സംഘടനയായി : എ വിജയരാഘവൻ
കൊടകര കുഴൽപ്പണക്കേസ് അട്ടിമറി ; ഇഡിക്കെതിരെ ജനരോഷമിരമ്പി

കൊച്ചി : കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ സംരക്ഷിച്ച് കേസ് ഒതുക്കുന്ന ഇഡി നടപടിക്കെതിരെയുള്ള സിപിഐ എം മാർച്ചിൽ പ്രതിഷേധമിരമ്പി. ജോസ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തിനു സമീപം സിഐഎസ്‌എഫും പൊലീസും തടഞ്ഞു.
ഇതോടെ പ്രവർത്തകർ ബാരിക്കേഡിനുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇഡിക്കും കേന്ദ്ര സർക്കാരിനുമെതിരെ പ്ലക്കാർഡുകളുമായി സ്‌ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനുപേർ മാർച്ചിൽ അണിനിരന്നു.
കോടിക്കണക്കിന് രൂപ ബിജെപി ഓഫീസിൽ എത്തിച്ചെന്ന് തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശന്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻപോലും ഇഡി തയ്യാറായില്ല. കൊടകരക്കേസ് എങ്ങനെ ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെയുള്ള കുറ്റപത്രമാണ് ഇഡി സമർപ്പിച്ചത്. ബിജെപിയെ കേസിൽനിന്ന് രക്ഷപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു അവരുടെ ഇടപെടൽ.
രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇഡിയുടെ നീക്കങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായുള്ള പ്രക്ഷോഭത്തിന് തുടക്കംകുറിച്ച് നടന്ന മാർച്ച് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ്‌മണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ശർമ, എസ് സതീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോൺ ഫെർണാണ്ടസ്, സി മണി, എംഎൽഎമാരായ കെ എൻ ഉണ്ണികൃഷ്‌ണൻ, കെ ജെ മാക്‌സി എന്നിവർ സംസാരിച്ചു.
ഇഡി സംഘപരിവാർ സംഘടനയായി : എ വിജയരാഘവൻ
രാജ്യത്തെ 35–-ാമത് സംഘപരിവാർ സംഘടനയായി ഇഡി മാറിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പകൽപോലെ തെളിഞ്ഞ കൊടകര കുഴൽപ്പണ തട്ടിപ്പുകേസിൽനിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കി കുറ്റപത്രം നൽകിയതിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. കുഴൽപ്പണക്കേസ് ഒതുക്കിയ ഇഡി നടപടിക്കെതിരെ പാർടി ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസിൽ കൃത്യമായ അന്വേഷണം നടത്തി തെളിവുകൾ സഹിതം കേരള പൊലീസ് ഇഡിക്ക് കൈമാറിയിരുന്നു. കോടിക്കണക്കിന് രൂപ ചാക്കുകളിലായി ബിജെപി ഓഫീസുകളിൽ എത്തിച്ചതും അതിൽനിന്ന് നോട്ടുകെട്ടുകൾ വാരിയെടുത്ത് ബിഗ്‌ഷോപ്പറിലാക്കി നേതാക്കൾ കൊണ്ടുപോയതും ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ വെളിപ്പെടുത്തിയെങ്കിലും ഇഡി ഇയാളെ ചോദ്യംചെയ്‌തതു പോലുമില്ല.
തെളിവുകളില്ലാതെ, വെറും മൊഴികളുടെ അടിസ്ഥാനത്തിൽ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരെ ജയിലിലടച്ച ഇഡിയാണ് കൃത്യമായ തെളിവുകളുണ്ടായിട്ടും ബിജെപി നേതാക്കളെ സംരക്ഷിക്കുന്നത്. രാഷ്‌ട്രീയ എതിരാളികളെ പിടികൂടാനുള്ള ഏജൻസിയായി ഇഡിയെ കേന്ദ്ര സർക്കാർ ചുരുക്കി. ഭിന്നസ്വരങ്ങളെ ഇല്ലാതാക്കാനും അധികാരം ഉറപ്പിക്കാനും തെരഞ്ഞെടുപ്പു കാലത്താണ് ഇഡി കൂടുതൽ സജീവമായി രംഗത്തുവരുന്നത്. അതിനു പിന്നാലെ പായുകയാണ് മാധ്യമങ്ങളെന്നും വിജയരാഘവൻ പറഞ്ഞു.









0 comments