പറഞ്ഞതെല്ലാം പിഴച്ച് മാധ്യമങ്ങൾ: കൊടുത്തതിനെല്ലാം കൊല്ലത്ത് കിട്ടി

CPIM State Conference
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Mar 11, 2025, 12:01 AM | 1 min read

കൊല്ലം: സിപിഐ എം സംസ്ഥാന സമ്മേളനത്തെപറ്റി വാർത്ത മെനയാൻ വലതുപക്ഷ മാധ്യമങ്ങൾ നടത്തിയ എല്ലാ ശ്രമവും പൊളിഞ്ഞു. ചർച്ചയും തെരഞ്ഞെടുപ്പും മുൻകൂട്ടി പ്രവചിച്ച മാധ്യമങ്ങളെയാകെ നിരാശയിലാഴ്‌ത്തിയാണ്‌ നാലുദിനം നീണ്ട സമ്മേളനം കൊടിയിറങ്ങിയത്.


നവകേരള രേഖ പൊളിച്ചെഴുതേണ്ടി വരുമെന്ന യുഡിഎഫ്‌ പത്രത്തിന്റെ പ്രവചനം പച്ചതൊട്ടില്ല. ‘നയ വ്യതിയാനം’ ആവർത്തിച്ചതല്ലാതെ വ്യതിയാനം എന്തെന്ന് വ്യക്തമാക്കാതെയായിരുന്നു പത്രത്തിന്റെ കുപ്രചാരണം. ‘നയംമാറ്റം പിണറായിസമോ’ എന്ന ചോദ്യമുയർത്തി ഒരു ചാനൽ അന്തിച്ചർച്ചയും നടത്തി. അതിനെല്ലാം പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി അക്കമിട്ട്‌ മറുപടി നൽകി.


പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച അറിയാൻ ഒരു മാർഗവും ഇല്ലാതായപ്പോൾ സമ്മേളന നഗറിൽ എം മുകേഷ് എംഎൽഎയെ കണ്ടില്ലെന്നായി മാധ്യമങ്ങൾ. അത്‌ ക്ലച്ച്‌ പിടിക്കാതെ വന്നപ്പോൾ കൊടി തോരണം അഴിപ്പിക്കാനുള്ള പെടാപ്പാട്‌. ആ മോഹവും തകർന്നതോടെ സമ്മേളന നഗറിൽ വിളമ്പിയ ഭക്ഷണത്തിൽ ആർഭാടമെന്നായി. മാസങ്ങൾക്കു മുമ്പ്‌ കർഷകത്തൊഴിലാളികൾ സമ്മേളനത്തിനായി നട്ടുനനച്ച്‌ വിളവെടുത്ത അരിയും നാടൻ പച്ചക്കറിയുമാണ്‌ ഇതിന്‌ ഉപയോഗിച്ചതെന്ന വിവരം ബോധപൂർവം മറച്ചുംവയ്‌ക്കാൻ കുബുദ്ധികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിപിഐ എം സമ്മേളന നടപടിക്രമങ്ങളെക്കുറിച്ചുള്ള അജ്ഞത പ്രകടമാക്കുന്നതായിരുന്നു പല പ്രമുഖ ലേഖകരുടെയും വാർത്തകൾ.


മൂന്നാമതും തുടർഭരണം എന്ന പ്രഖ്യാപനത്തെ പരിഹസിച്ച പത്രം ഒടുവിൽ നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ ഭരണം പിടിക്കാനുള്ള തന്ത്രമെന്നാക്കി. സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് അംഗങ്ങളെ മുൻകൂട്ടി പ്രവചിച്ച പ്രമുഖ മാധ്യമങ്ങളും നന്നായി ഇളിഭ്യരായി. രണ്ടു ദിവസം അന്തിചർച്ചയാക്കിയ വിഭവസമാഹരണം എങ്ങനെയാണെന്ന്‌ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി ജനങ്ങളോട്‌ വിവരിച്ചതോടെ മാധ്യമങ്ങൾക്ക്‌ ആകെ ക്ഷീണമായി.


കാലം ആവശ്യപ്പെടുന്ന നിരവധി വിഷയങ്ങളാണ്‌ സമ്മേളനം പ്രമേയമായി പാസാക്കിയത്‌. ഇതിൽ ഒന്നുപോലും ചർച്ചയാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചില്ല. മറിച്ച്‌ വ്യാജവാർത്തകളുടെ പ്രളയം സൃഷ്ടിക്കാനായിരുന്നു ഉത്സാഹം. പക്ഷേ അതെല്ലാം പൊളിഞ്ഞടുങ്ങിയതിന്റെ നിരാശയോടെ അവർക്കെല്ലാം കൊല്ലം വിടേണ്ടിവന്നു.



deshabhimani section

Related News

View More
0 comments
Sort by

Home