രക്തസാക്ഷി സ്മരണ ജ്വലിച്ചു ; പ്രതിനിധി സമ്മേളനത്തിന് ആവേശത്തുടക്കം

സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്‌ഘാടനംചെയ്യുന്നു. ഫോട്ടോ/ എ ആർ അരുൺരാജ്
എസ് മനോജ്
Published on Mar 07, 2025, 01:22 AM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ (കൊല്ലം) : തൊഴിലാളിവർഗ പോരാട്ടത്തിന്റെ വീരേതിഹാസം രചിച്ച കൊല്ലത്തിന്റെ മണ്ണിൽ രക്തസാക്ഷികളുടെയും ജനനായകരുടെയും അമരസ്‌മരണ ജ്വലിച്ചു. ഭാവികേരളത്തിന്റെ കർമപദ്ധതിക്കും നൂതന സമൂഹനിർമിതിക്കും പുതുചുവടുമായി സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം. നിസ്വവർഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്ക് ദിശാബോധം പകരാനും കടന്നാക്രമണങ്ങൾക്ക് ആശയപ്രതിരോധം തീർക്കാനും പാർടിയുടെ സംഘടനാശേഷിയും കരുത്തും അടിമുടി വിശകലനംചെയ്യുന്ന പ്രതിനിധിസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗവും കോ–-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് ഉദ്‌ഘാടനംചെയ്‌തു.
യെച്ചൂരി, കോടിയേരി എന്നിവരുടെ സ്‌മരണ ഇരമ്പിയ പ്രതിനിധിസമ്മേളന നഗറിൽ കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പതാക ഉയർത്തി. 24–-ാം പാർടി കോൺഗ്രസിന്റെ വരവറിയിച്ച് അത്രയും കതിനമുഴക്കങ്ങൾക്കൊപ്പം മുദ്രാവാക്യങ്ങളും വാനിലുയർന്നു. രക്തസാക്ഷിസ്‌തൂപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്‌പാർച്ചന നടത്തി. 486- പ്രതിനിധികളും 40 നിരീക്ഷകരും ഉൾപ്പെടെ 526 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 75 പേർ വനിതകളാണ്.
വ്യാഴാഴ്‌ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ രക്തസാക്ഷി പ്രമേയവും പുത്തലത്ത് ദിനേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ എൻ ബാലഗോപാൽ സ്വാഗതംപറഞ്ഞു. പൊളിറ്റ്‌ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ‘നവകേരളത്തിനുള്ള പുതുവഴികൾ’ വികസനരേഖ അവതരിപ്പിച്ചു.
പ്രതിനിധികൾ രേഖ ശനിയാഴ്‌ച ചർച്ചചെയ്യും. പ്രവർത്തനറിപ്പോർട്ടിലുള്ള ചർച്ച വെള്ളിയാഴ്‌ചയാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചർച്ചകൾക്ക് മറുപടി പറയും. ഞായറാഴ്‌ച പുതിയ സംസ്ഥാന കമ്മിറ്റിയെയും പാർടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. ഉച്ചയ്‌ക്കുശേഷം ചുവപ്പുസേനാമാർച്ചും പൊതുസമ്മേളനവും.









0 comments