തിളക്കത്തോടെ പുതുമുഖ നേതൃനിര; കാസർകോട് ജില്ലാ പഞ്ചായത്ത് സിപിഐ എം സ്ഥാനാർഥികളായി


സ്വന്തം ലേഖകൻ
Published on Nov 13, 2025, 02:53 PM | 1 min read
കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 10 സീറ്റുകളിൽ ഒമ്പതിടത്തെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പട്ടികയിലെ മുഴുവൻ പേരും ജില്ലാ പഞ്ചായത്തിൽ പുതുമുഖങ്ങളാണ്. ചെങ്കള വാർഡിൽ സിപിഐ എം സ്വതന്ത്ര സഹർഭാനു സാഗർ മത്സരിക്കും. ചിറ്റാരിക്കാൽ ഡിവിഷനിലും സ്വതന്ത്രസ്ഥാനാർഥിയാവും. ഇവിടുത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഡിവിഷൻ | സ്ഥാനാർഥി |
കുറ്റിക്കോൽ | സാബു അബ്രഹാം |
കയ്യൂർ | ഒക്ലാവ് കൃഷ്‌ണൻ |
പുത്തിഗെ | കെ എ മുഹമ്മദ് ഹനീഫ് |
ചെറുവത്തൂർ | സെറീന സലാം |
മടിക്കൈ | കെ സബീഷ് |
കുമ്പള | കെ ബി യൂസുഫ് |
ദേലമ്പാടി | ഒ വത്സല |
ബേക്കൽ | ടി വി രാധിക |
ചെങ്കള | സഹർബാനു സാഗർ |
യുവജനങ്ങളും പൊതുപ്രവർത്തനത്തിൽ ദീർഘകാലമായി നിറഞ്ഞുനിൽക്കുന്നവരും പൊതുജീവിതത്തിന്റെ വിവിധ കർമ മണ്ഡലങ്ങളിൽ അനുഭവ സമ്പത്തുള്ളവരുമെല്ലാം സ്ഥാനാർഥി പട്ടികയിലുണ്ട്. ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം, ജില്ലാ കമ്മറ്റി അംഗങ്ങളായ ഒക്ലാവ് കൃഷ്‌ണൻ, മുഹമ്മദ് ഹനീഫ് എന്നിവരും ജനവിധി തേടുന്നു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, പള്ളിക്കര പഞ്ചായത്ത് അംഗമായ ടി വി രാധിക എന്നിവരാണ് സ്ഥാനാർഥി പട്ടികയിലെ നിലവിലുള്ള ജനപ്രതിനിധികൾ.
ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ പഞ്ചായത്തിന്റെ വികസന തുടർച്ചയ്‌ക്ക് എൽഡിഎഫ് വിജയം അനിവാര്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ വാർത്താസമ്മേളളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഒറ്റ സീറ്റീന്റെ ഭൂരിപക്ഷത്തിലാണ് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തിന് നേതൃത്വം നൽകിയത്. നിരവധി ശ്രദ്ധേയമായ പുരസ്‌കാരങ്ങൾ ജില്ലാ പഞ്ചായത്തിൽ നേടാനായി. ഭരണ– പ്രതിപക്ഷത്തെ കൂട്ടിയിണക്കി, ആർക്കും ആക്ഷേപമില്ലാത്ത വിധത്തിൽ പരസ്‌പര ബഹുമാനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് അഞ്ചുവർഷം നടപ്പാക്കിയതെന്നും രാജപോലൻ പറഞ്ഞു. നേതാക്കളായ കെ പി സതീശ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, കെ വി കുഞ്ഞിരാമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments