സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധന് സിപിഐ എം വീട് നിർമിച്ച് നൽകും

തൃശൂർ : വീട് നിർമാണത്തിന് സഹായം തേടിയെത്തിയപ്പോൾ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട ചാഴൂർ പഞ്ചായത്തിലെ പുള്ള് സ്വദേശി തായാട്ട് കൊച്ചു വേലായുധന് സിപിഐ എം വീട് നിർമിച്ച് നൽകും. കൊച്ചുവേലായുധന്റെ ഒറ്റമുറി വീട്ടിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദറാണ് ഉടൻ വീട് നിർമാണം ആരംഭിക്കുമെന്ന് ഉറപ്പുനൽകിയത്. ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വിധമാണ് കൊച്ചുവേലായുധനോട് സുരേഷ് ഗോപി പെരുമാറിയത്. അപേക്ഷയുമായെത്തിയ 80 കഴിഞ്ഞ വയോധികനെ "ഇതൊന്നും എന്റെ പണിയല്ല' എന്നുപറഞ്ഞ് അപേക്ഷ വായിച്ചുപോലും നോക്കാതെ മടക്കി നൽകുകയായിരുന്നു. കേന്ദ്ര സഹമന്ത്രിയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിനുള്ള സർഗാത്മകമായ മറുപടി എന്ന നിലയിൽ കൂടിയാണ് സിപിഐ എം വീട് നിർമാണം ഏറ്റെടുക്കുന്നതെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊട്ടിഘോഷിച്ച് ചേർപ്പ് പുള്ളിൽ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചു വേലായുധൻ ഒരു കവറിൽ നിവേദനവുമായി എത്തിയത്. കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി' എന്ന് പറഞ്ഞ് കൊച്ചു വേലായുധനെ അപമാനിക്കുകയായിരുന്നു. വേലായുധന്റെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും സിപിഎ എം വ്യക്തമാക്കി.









0 comments