സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധനെ ചേർത്ത് പിടിച്ച് സിപിഐ എം; വീട് നിർമാണം തുടങ്ങി

കൊച്ചു വേലായുധനും കുടുംബവും വീടിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ സിപിഐ എം നേതാക്കൾക്കൊപ്പം
തൃശൂർ: വീട് നിർമാണത്തിന് സഹായം തേടിയെത്തിയപ്പോൾ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട ചാഴൂർ പഞ്ചായത്തിലെ പുള്ള് സ്വദേശി തായാട്ട് കൊച്ചു വേലായുധനെയും കുടുംബത്തെയും ചേർത്ത് പിടിച്ച് സിപിഐ എം. ഒറ്റമുറി വീട്ടിൽ കഴിയുന്ന കൊച്ചു വേലായുധന് സിപിഐ എം നേതൃത്വത്തിൽ നിർമിക്കുന്ന വീടിന് ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ തറക്കല്ലിട്ടു. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അഹങ്കാരം നിറഞ്ഞ പ്രവൃത്തിക്കെതിരായ സർഗാത്മക പ്രതികരണമെന്ന നിലയിലാണ് സിപിഐ എം വീട് നിർമാണം ഏറ്റെടുത്തതെന്ന് അബ്ദുൾഖാദർ പറഞ്ഞു. രണ്ട് കിടപ്പ് മുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ചതുരശ്രയടിയുള്ള വീടാണ് നിർമിക്കുന്നത്.
കൊച്ചു വേലായുധന്റെ വീടിന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ തറക്കല്ലിടുന്നു.
ചേർപ്പ് പുള്ളിൽ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചപ്പോഴാണ് കൊച്ചുവേലായുധനെ സുരേഷ് ഗോപി അപമാനിച്ച് പറഞ്ഞയച്ചത്. അപേക്ഷയുമായെത്തിയ 80 കഴിഞ്ഞ വയോധികനോട് "ഇതൊന്നും എന്റെ പണിയല്ല' എന്നുപറഞ്ഞ് അപേക്ഷ വായിച്ചുപോലും നോക്കാതെ സുരേഷ് ഗോപി മടക്കി നൽകുകയായിരുന്നു. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക എന്ന വോട്ടറുടെ ചോദ്യത്തോട് ‘അതെ പറ്റുന്നുള്ളൂ ചേട്ടാ’ എന്നായിരുന്നു എംപിയുടെ മറുപടി. കോർപറേഷനിൽ ബിജെപിയെ വിജയിപ്പിച്ചാൽ മാത്രമേ നഗരവികസനത്തിന് എംപി ഫണ്ടിൽ നിന്ന് പണം നൽകൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതിന് പിന്നാലെ കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഐ എം നേതാക്കളാണ് വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകിയത്. കല്ലിടൽ ചടങ്ങിന് വീട് നിർമാണ കമ്മിറ്റി ചെയർമാൻ കെ കെ അനിൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ, ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, കർഷകസംഘം ജില്ലാ പ്രസിഡൻ്റ് പി ആർ വർഗ്ഗീസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എസ് മോഹൻദാസ്, സെബി ജോസഫ്, വി ആർ ബിജു, ചാഴൂർ ലോക്കൽ സെക്രട്ടറി കെ ഗോപി, ലോക്കൽ കമ്മിറ്റി അംഗം അഡ്വ. കെ എസ് ശേഖേശ് എന്നിവർ സംസാരിച്ചു.









0 comments