വോട്ട് കൊള്ള ; തൃശൂരിലെ വോട്ടർപട്ടിക റദ്ദാക്കണം: സിപിഐ

തൃശുർ
ലോക്‌സഭാതെരഞ്ഞെടുപ്പിൽ ജനപ്രാതിനിധ്യ നിയമം ലംഘിച്ച് തയ്യാറാക്കിയ അന്തിമ വോട്ടർപട്ടിക റദ്ദാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദനും സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി എസ് സുനിൽകുമാറും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ വൈകാതെ പുറത്തിറങ്ങിയ പുതുക്കിയ വോട്ടർപട്ടികയിൽനിന്ന് വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്‌തിരിക്കുന്നു. ഇത് എന്തടിസ്ഥാനത്തിലാണെന്ന് വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യത്തിന് തെരഞ്ഞെുടുപ്പുകമീഷൻ മറുപടി നൽകുന്നില്ല. 2004ൽ സ്ഥിരതാമസക്കാർ എന്ന വ്യാജേന തൃശൂർ മണ്ഡലത്തിൽ വോട്ട് ചെയ്‌ത ബിജെപിക്കാരുടെ വോട്ടുകൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലില്ല. വോട്ടർ പട്ടിക സംബന്ധിച്ച് ഉയർന്നുവന്ന സംശയം ദൂരീകരിക്കാൻ സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് തൃശൂർ മണ്ഡലത്തിലെ വരണാധികാരിയായിരുന്ന തൃശൂർ തഹസിൽദാർ നൽകിയ മറുപടി വിചിത്രമാണ്.
വരണാധികാരി ഇപ്പോൾ ആർഡിഒ ആയതിനാൽ എല്ലാവിവരങ്ങളും പ്രസ്‌തുത ഓഫീസിലാണെന്നും അവിടെനിന്നാണ് മറുപടി ലഭിക്കേണ്ടത് എന്നുമാണ്. സബ്‌കലക്ടറുടെ ഓഫീസിൽനിന്ന് ലഭിച്ച മറുപടിയിൽ വിവരങ്ങൾ തെരഞ്ഞെടുപ്പുകമീഷന്റെ ബൗദ്ധിക സ്വത്തിൽപ്പെട്ടതാണെന്നും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ല എന്നും പറയുന്നു. വോട്ടർപട്ടികയിൽ പേർ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടി ക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പുകമീഷന്റെ അറിവോടെ, കൃത്യമായി ആസൂത്രണം നടത്തിയാണ് തൃശൂരിലെ വോട്ടർപട്ടിക അട്ടിമറിച്ചിരിക്കുന്നത്. പരാതി ഉന്നയിക്കുന്നവരോട് നോട്ടീസ് അയച്ച് വിശദീകരണം തേടുകയും നിയമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ബിജെപി നേതാക്കളുടെ പ്രസ്‌താവനകൾ കണ്ടില്ലെന്നു നടിക്കുകയുമാണ്.
ആറുമാസം കൊണ്ട് ഒരു ബൂത്തിൽനിന്നുമാത്രം 87 വോട്ടുകളാണ് വെട്ടിമാറ്റിയത്. അവിണിശേരിയിലെ ബിജെപി നേതാവിന്റെ വീട്ടിലുള്ള വോട്ടുകളും തൃശൂരിലെ ബിജെപി കൗൺസിലറുടെ വിട്ടിലെ വോട്ടുകളും ഒന്നിച്ച് വെട്ടിമാറ്റിയത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കണം. തൃശൂരിലെ എംപിയുടെ വോട്ടുപോലും തെരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരത്തേക്ക് മാറ്റി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതി സ്വീകരിച്ച് നടപടി സ്വീകരിക്കേണ്ട ജില്ലാ വരണാധികാരിക്കുതന്നെ ഇരട്ട വോട്ടാണ്. തൃശൂർ കലക്ടറായിരുന്ന കൃഷ്‌ണ തേജയ്‌ക്ക് തൃശൂരിലും ആന്ധ്രയിലും വോട്ടുണ്ടായിരുന്നു. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments