സിപിഐ ദേശീയ നേതൃയോഗം ഇന്നുമുതൽ

തിരുവനന്തപുരം : സിപിഐ ദേശീയ നേതൃയോഗങ്ങൾ ബുധനാഴ്‌ച തിരുവനന്തപുരത്ത് ആരംഭിക്കും. സംസ്ഥാന കൗൺസിൽ ഓഫീസായ എം എൻ സ്‌മാരകത്തിൽ മൂന്നു ദിവസമായി ദേശീയ കൗൺസിലും എക്‌സിക്യൂട്ടീവും ചേരും. പത്തു വർഷത്തിനുശേഷമാണ് ദേശീയ നേതൃയോഗം തിരുവനന്തപുരത്ത് നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെപ്തംബർ 21 മുതൽ 25വരെ ചണ്ഡീഗഡിൽ നടക്കുന്ന 25ാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയവും സ്ഥിതിഗതികളും യോഗം ചർച്ചചെയ്യും. ബുധൻ രാവിലെ ഒമ്പതിന് ദേശീയ എക്‌സിക്യൂട്ടീവ് ചേരും.
നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴം വൈകിട്ട് 4.30ന് മോഡൽ സ്‌കൂൾ ജങ്‌ഷനിൽ പൊതുയോഗം ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനം ചെയ്യും. മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കും. വിപ്ലവ ഗാനമേളയും നൃത്ത പരിപാടിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം പ്രസിഡന്റ് മന്ത്രി ജി ആർ അനിൽ, സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments