കെ ഫോണിലും എഐ കാമറയിലും കോടതിയുടെ പ്രഹരം; അന്ധമായ എതിർപ്പിൽ നിലതെറ്റി പ്രതിപക്ഷം


സി കെ ദിനേശ്
Published on Aug 29, 2025, 12:09 AM | 1 min read
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളോടുള്ള അന്ധമായ എതിർപ്പ് കോടതിയിലെത്തിച്ച് തിരിച്ചടിവാങ്ങി പ്രതിപക്ഷം. കെ ഫോൺ, എഐ കാമറ പദ്ധതികൾക്കെതിരെ വസ്തുതാവിരുദ്ധമായ ഹർജി നൽകിയാണ് ഹൈക്കോടതിയുടെ പ്രഹരം ഏറ്റുവാങ്ങിയത്. ഹർജികൾ തള്ളുക മാത്രമല്ല, ഇത്തരം പരാതികളുമായി ഇനി അങ്ങോട്ട് ചെല്ലാനാകാത്തവിധമുള്ള മുന്നറിയിപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കിട്ടിയത്.
എഐ കാമറ ഹർജി പരിഗണിച്ചവേളയിൽതന്നെ ഹൈക്കോടതി ഓർമിപ്പിച്ചത്, രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാനുള്ള സംവിധാനമല്ല പൊതുതാൽപര്യ ഹർജിയെന്നാണ്. കെ ഫോണിനെതിരായി ഇല്ലാത്ത അഴിമതിയാരോപണം ഉന്നയിച്ച് ഹർജി നൽകിയപ്പോൾ ചോദിച്ചത് ‘പബ്ലിക് ഇന്ററസ്‌റ്റ് ആണോ, പബ്ലിസിറ്റി ഇന്ററസ്‌റ്റ് ആണോ ’എന്നും. കേരളത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച രണ്ട് പദ്ധതികളെയാണ് ക്രമക്കേടെന്നും അഴിമതിയെന്നും പറഞ്ഞ് അപഹസിച്ചത്. വസ്തുതകൾ നിരത്തി സർക്കാരിനെതിരെ പറയാൻ ഒന്നുമില്ലെന്നതിനാൽ വ്യാജവാർത്തകൾ വിഴുങ്ങി കോടതിയിലെത്തിച്ച് കുരുങ്ങേണ്ട ഗതികേടിലാവുകയാണ് പ്രതിപക്ഷം.
റോഡിലെ കുറ്റകൃത്യങ്ങൾ കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്ത് പിഴയും ശിക്ഷയും കർശനമാക്കുക വഴി സുഗമമായ ഗതാഗതവും കുറ്റകൃത്യങ്ങൾ കുറയ്ക്കലുമാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇൗ പൊതുനന്മയെ കണക്കാക്കാതെ പദ്ധതി എങ്ങനെയും തടയലായിരുന്നു പ്രതിപക്ഷ ലക്ഷ്യം. കാമറ സ്ഥാപിച്ചതിലെ നിയമവിരുദ്ധത, അഴിമതി, കെൽട്രോണിന്റെ പങ്ക്, സ്വജനപക്ഷപാതം, സ്വകാര്യതാ ലംഘനം തുടങ്ങിയവയായിരുന്നു ഹർജിയിൽ ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കൊള്ള നടത്തി, 1000 കോടി രൂപ കറക്ക് കമ്പനികൾക്ക് നൽകി തുടങ്ങിയ കള്ളപ്രചാരണമായിരുന്നു വി ഡി സതീശൻ നടത്തിയത്. എന്നാൽ, തെളിവ് എവിടെയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പദ്ധതിയിൽ അഴിമതിയില്ലെന്നുമാത്രമല്ല ക്രമക്കേടുമില്ല, സർക്കാരിന് നഷ്ടം വരുന്ന അവസ്ഥയുമില്ലെന്ന് ഹൈക്കോടതി അന്തിമമായി വിധിച്ചു. മികച്ചനിലയിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെതിരെ വ്യാപകമായ കള്ളപ്രചാരണമാണ് ഹർജിമൂലമുണ്ടായത്. എൽഡിഎഫ് സർക്കാരിനെതിരെ പ്രചാരണം നടത്തുക മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനുള്ള ഗൂഢോദ്ദേശ്യവും ഹർജിക്ക് പിന്നിലുണ്ടായിരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.









0 comments