അട്ടപ്പാടിയിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ ദമ്പതികൾ പിടിയിൽ

അട്ടപ്പാടി: അട്ടപ്പാടിയിൽ അതിഥിത്തൊഴിലാളിയെ വെട്ടിക്കൊന്ന സംഭവത്തിൽ ദമ്പതികൾ പിടിയിൽ. അസം സ്വദേശികളായ നജ്റുൾ ഇസ്ലാം (40), ഭാര്യ പൂനം എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നാണ് പ്രതികൾ പിടിയിലായത്. കണ്ടിയൂരിൽ റാവുത്താൻ കല്ലിലെ സ്വകാര്യ ഫാമിലെ അതിഥിത്തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി രവി(27) ഇന്നലെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽപ്പോയിരുന്നു.
നാലുവർഷമായി രവിയും ബന്ധു രാജേഷും ഫാമിലെ ജോലിക്കാരാണ്. 10 ഏക്കറുള്ള കൃഷിസ്ഥലത്ത് ആടുഫാമും മറ്റ് കൃഷികളുമുണ്ട്. ഇവർ അവധിക്ക് പോകുന്നതിനാൽ പകരക്കാരായാണ് ഒരാഴ്ചമുമ്പ് ഇസ്ലാമും ഭാര്യയും ജോലിക്കെത്തിയത്. ഞായർ പകൽ 11ന് ഭക്ഷണശേഷം രവിയും ഇസ്ലാമും ഭാര്യയും ആടിനെ മേയ്ക്കാനും രാജേഷ് കൃഷിസ്ഥലത്തിന്റെ മറ്റൊരുഭാഗത്തേക്ക് കുരുമുളക് പറിക്കാനും പോയി. വൈകിട്ട് അഞ്ചോടെ രാജേഷ് തിരികെ എത്തിയിട്ടും മറ്റുള്ളവർ എത്തിയില്ല.
ഇവർ പോയ വഴിയെ രാജേഷ് പോയപ്പോഴാണ് പാതിവഴിയിൽ ആടുകളെയും തലയ്‌ക്കും കഴുത്തിനും വെട്ടേറ്റ് മരിച്ചനിലയിൽ രവിയെയും കണ്ടത്. ദമ്പതികൾ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് അഗളി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രത്യേക സ്ക്വാഡാണ് ഇരുവരെയും പെരുമ്പാവൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിന്നീട് അഗളി പൊലീസിന് കൈമാറി.









0 comments