3,449 പേർക്ക്‌ ക‍ൗൺസലിങ്‌, 783 കേസിൽ നിയമ നടപടി; പൊലീസ്‌ കൂട്ടായത്‌ അരലക്ഷത്തിലേറെ മുതിർന്ന പ‍ൗരന്മാർക്ക്‌

kerala police senior citizen

എഐ പ്രതീകാത്മകചിത്രം

avatar
ഫെബിൻ ജോഷി

Published on Oct 11, 2025, 11:14 AM | 1 min read

ആലപ്പുഴ : ഒറ്റപ്പെടലിന്റെ കാണാക്കയങ്ങളിൽ അഞ്ചുവർഷത്തിനിടെ പൊലീസ്‌ കൂട്ടിരുന്നതും സഹായമായതും സംസ്ഥാനത്തെ 61,238 മുതിർന്ന പ‍ൗരന്മാർക്ക്‌. കേരള പൊലീസ്‌ ജനമൈത്രി സുരക്ഷ പദ്ധതിയിൽ കോവിഡ്‌ കാലത്ത്‌ ആരംഭിച്ച ‘പ്രശാന്തി സീനിയർ സിറ്റിസൺ ഹെൽപ്പ്‌ ലൈൻ’ ആണ്‌ മഹാമാരിക്ക്‌ ശേഷവും ഒറ്റയ്‌ക്കും സഹാശ്രയമില്ലാതെയും കഴിയുന്ന വയോധികർക്ക്‌ താങ്ങാകുന്നത്‌. വിവിധ ആവശ്യങ്ങൾക്കും അന്വേഷണങ്ങൾക്കും 14,337 പേർ പ്രശാന്തിയുടെ സേവനം ഉപയോഗിച്ചു.


കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിന്‌–783, നിയമപരമായ സംശയങ്ങൾക്ക്‌– 2693, ക‍ൗൺസലിങിന്‌– 3449, യാത്ര–വൈദ്യസഹായത്തിന്‌–1437, പുനരധിവാസത്തിനും ഭക്ഷണത്തിനും–1853, മറ്റ്‌ അന്വേഷണങ്ങൾക്ക്‌–3822 എന്നിങ്ങനെ. തുടർസഹായങ്ങൾക്ക്‌ 12,959 പേരെയും ക്ഷേമാന്വേഷണങ്ങൾക്ക്‌ 14,337 പേരെയും ഇതുവരെ പ്രശാന്തി ഹെൽപ്പ്‌ ഡെസ്‌ക്‌ ബന്ധപ്പെട്ടു. മറ്റ്‌ ആവശ്യങ്ങൾക്കായുള്ള 19,905 കോളുകൾക്കും മറുപടി നൽകി. 2022 ഏപ്രിലിൽ മുതൽ 2025 ആഗസ്‌ത്‌ 31 വരെയുള്ള കണക്കാണിത്‌. മാനസിക സംഘർഷം അനുഭവിക്കുന്ന മുതിർന്ന പ‍ൗരന്മാർക്ക്‌ ക‍ൗൺസലിങ്‌, നിയമ–വൈദ്യസഹായം, സംശയ നിവാരണം, ബുദ്ധിമുട്ടുകളും ആശങ്കകളും ക്ഷമാപൂർവ്വം കേട്ട്‌ വയോജനങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ്‌ പദ്ധതിയുടെ ലക്ഷ്യം.


ജില്ലകളിലെ ഡൊമസ്‌റ്റിക്‌ കോൺഫ്ലിക്‌ട്‌ റെസലൂഷൻ സെന്ററാണ്‌ (ഡിസിആർസി) ക‍ൗൺസലിങ്‌ നൽകുക. പൊലീസ് നടപടി സ്വീകരിക്കേണ്ടവ ഉടൻ അതത്‌ സ്‌റ്റേഷനുകൾക്ക്‌ കൈമാറും. സമയബന്ധിതമായി നടപടി ഉറപ്പാക്കുകയും തുടർനിർദേശവും നിയമസഹായത്തിന്‌ കേരള ലീഗൽ സർവീസ്‌ അതോറിറ്റിയുടെ സേവനവും ലഭ്യമാക്കും. പ്രശാന്തിയുടെ ഇടപെടലിൽ മുതിർന്ന പൗരന്മാർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരെത്തി വിവരശേഖരണവും നടത്തുന്നു. തിരുവനന്തപുരം എസ്എപി ക്യാമ്പിന്‌ സമീപത്തെ ക്യാമ്പ്‌ ഹ‍ൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്ററാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. സോഷ്യൽ പൊലീസിങിന്റെ ചുമതലയുള്ള തിരുവനന്തപുരം റേഞ്ച്‌ ഡിഐജി അജിത ബീഗമാണ്‌ നേതൃത്വം നൽകുന്നത്‌. പ്രായമാകുന്നവർ തനിച്ചായിപോകുന്നില്ലെന്ന്‌ ഉറപ്പാക്കാനും ആരോഗ്യ സേവനം ലഭ്യമാക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീക്ഷയാകുകയാണ്‌ പദ്ധതി. പ്രശാന്തി ഹെൽപ്പ്‌ ലൈൻ: 9497900035, 9497900045.

പട്ടിക (2025 ആഗസ്‌ത്‌ 31വരെ)



വർഷം

ഫോൺ വിളികൾ

2020

14,197

2021

14,431

2022

14,052

2023

10,080

2024

5,796

2025

2,682

ആകെ

61,238




deshabhimani section

Related News

View More
0 comments
Sort by

Home