'മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു'; വേടനെതിരെ എൻഐഎക്ക് പരാതി നൽകി ബിജെപി കൗൺസിലർ

പാലക്കാട്: റാപ്പർ വേടനെതിരെയുള്ള കടന്നാക്രമണം തുടർന്ന് ബിജെപി. വേടൻ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന് കാട്ടി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ എൻഐഎയ്ക്ക് പരാതി നൽകി. മോദി കപട ദേശീയ വാദിയെന്ന അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ലക്ഷക്കണത്തിനാളുകൾ പാട്ടുകേൾക്കാനായി വരുന്ന സന്ദർഭത്തിൽ പ്രധാനമന്ത്രിയെ തികഞ്ഞ ദേശവിരുദ്ധനായി ചിത്രീകരിച്ചെന്നും പ്രധാമന്ത്രിയുടെ പ്രവർത്തനങ്ങളൊക്കെ വളരെ മോശമാണെന്ന രീതിയിൽ സന്ദേശം കൊടുത്തെന്നും മിനി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ വേടൻ എന്ന ഹിരൺ ദാസ് മുരളിയെ അധിക്ഷേപിച്ച് ആർഎസ്എസ് നേതാവും കേസരിയുടെ മുഖ്യ പത്രാധിപരുമായ എൻ ആർ മധുവും ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയും രംഗത്തെത്തിയിരുന്നു. പാലക്കാട് നടന്ന വേടൻ്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മഹാത്മാ അയ്യങ്കാളി മുതൽ പലസ്തീൻ വിമോചന പോരാളി യാസർ അറാഫത്ത് വരെ പ്രത്യക്ഷപ്പെടുന്ന വരികൾ വേടന്റെ ആരാധകരായ യുവാക്കളും കുട്ടികളും ഒന്നിച്ച് ഏറ്റു പാടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന് സഹിക്കാവുന്നതിലുമപ്പുറമാണ്. അതിനാൽ തന്നെയാണ് ഹിന്ദു ഐക്യവേദിയും ആർഎസ്‌എസുമൊക്കെ വേടനെ ആക്രമിക്കാൻ മുന്നിട്ടിറങ്ങുന്നത്.









0 comments