കൗൺസിലറുടെ ആത്മഹത്യ: ഉത്തരവാദിത്തത്തിൽ നിന്നും ബിജെപിക്ക് ഒഴിഞ്ഞു മാറാനാകില്ല- മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ തിരുമല അനിൽ കുമാറിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തത്തിൽ നിന്നും ബിജെപിക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാകുമെന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. അനിൽ കുമാറിന്റെ ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'അനിൽകുമാർ ആത്മഹത്യ ചെയ്തത് സ്വന്തം ആൾക്കാർ എന്ന് അദ്ധേഹം വിശേഷിപ്പിക്കുന്നവർ ചതിച്ചതുകൊണ്ടാണ് എന്ന് വ്യക്തമാക്കുന്ന മാധ്യമ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയത് എന്ന രീതിയിലുള്ള കുറിപ്പും മാധ്യമങ്ങൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വരികൾ 'നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു നടപടികൾക്കൊന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി' എന്നു കാണുന്നുണ്ട്. ഇത് ചൂണ്ടിക്കാണിക്കുന്നത് സ്വന്തമെന്ന് അനിൽകുമാർ കരുതിയിരുന്ന ആളുകളുടെ ചതിയാണ്. വലിയശാല ഫാം ടൂർ സഹകരണ സംഘം നിയന്ത്രിച്ചിരുന്നത് ബിജെപി ഭരണസമിതിയാണ്. അങ്ങനെയങ്കിൽ തിരുമല കൗൺസിലറുടെ ആത്മഹത്യയുടെ ഉത്തരവാദിത്തത്തിൽ നിന്നും ബിജെപിക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാകും'- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈരളി റിപ്പോർട്ടറെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി വി ശിവൻകുട്ടി രൂക്ഷഭാഷയിൽ വിമർശിച്ചു. രാജീവ് ചന്ദ്രശേഖർ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഭ്രാന്തിയിലായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ബിജെപി മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെ കേരളം ഒരിക്കലും സ്വീകരിക്കില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായിക്കഴിഞ്ഞു. ആ നിരാശയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും വാർത്താസമ്മേളനങ്ങളിലും നിഴലിച്ചു കാണുന്നത്. സ്വന്തം മക്കളുടെ പ്രായത്തിലുള്ള മാധ്യമ പ്രവർത്തകയെ രോഷാകുലനായി നീ എന്നൊക്കെ അഭിസംബോധന ചെയ്യുന്ന നിലയിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് തരംതാണിരിക്കുന്നു. മാധ്യമ പ്രവർത്തകയോട് പരസ്യമായി മാപ്പു പറയാൻ രാജീവ് ചന്ദ്രശേഖർ തയ്യാറാകണമെന്നും വി ശിവൻകുട്ടി പറഞ്ഞു.









0 comments