നടപടി മേയറുടെ പരാതിയിൽ

കോർപറേഷനിലെ ഫണ്ട് തട്ടിപ്പ്‌: ജീവനക്കാർ ഉൾപ്പെടെ 14 പേർ അറസ്‌റ്റിൽ

arrest
വെബ് ഡെസ്ക്

Published on Jul 30, 2025, 08:38 PM | 2 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിന്നും ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ 14 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. നഗരസഭയിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായിരുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി പ്രവീൺരാജ്, ബാലരാമപുരം സ്വദേശി ഷെഫിൻ എം ബി, പട്ടം സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് മാനേജർ സോണി എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്. ഫണ്ട് തട്ടിപ്പിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വന്ന രണ്ട് കേസുകളിലാണ് അറസ്റ്റ്.


തിരുവനന്തപുരം നഗരസഭയിലെ എസ് സി/എസ് ടി പ്രമോട്ടറായിരുന്ന സിന്ധു, സഹായി അജിത, ഇടനിലക്കാരായി പ്രവർത്തിച്ച മണക്കാട് സ്വദേശി ശ്രീകുമാർ, കഴക്കൂട്ടം സ്വദേശി സുരേഷ് ബാബു, കോവളം സ്വദേശി അനിരുദ്ധൻ, തിരുവല്ലം സ്വദേശി ബിന്ദു, ബാലരാമപുരം സ്വദേശി അശ്വതി, മുട്ടയ്ക്കാട് സ്വദേശി അശ്വതി, വഞ്ചിയൂർ സ്വദേശി മോനിശേഖർ, ബാലരാമപുരം സ്വദേശി ഷിബിൻ, കല്ലിയൂർ സ്വദേശി വിഷ്ണു, എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.


2020-21 സാമ്പത്തിക വർഷത്തിൽ എസ് സി/ എസ് ടി വിഭാഗത്തിലെ വനിതകൾക്കും 2021-22 സാമ്പത്തിക വർഷത്തിൽ ബിപിഎൽ വിഭാഗത്തിലെ വനിതകൾക്കും സംരംഭം തുടങ്ങാനാണ് തിരുവനന്തപുരം നഗരസഭ സബ്സിഡി ലോൺ നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. 2020-21ൽ സംരംഭം തുടങ്ങാൻ ഒരു കോടി ഇരുപത്താറ് ലക്ഷം രൂപയും 2021-22ൽ ഒരു കോടി പതിനാല് ലക്ഷം രൂപയുമാണ് സബ്സിഡി ലോണായി അനുവദിച്ചത്.


എന്നാൽ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് പ്രതികൾ സബ്സിഡി തുക നൽകി. സബ്സിഡി മാനദണ്ഡങ്ങൾ പാലിക്കാതെ മാർ​ഗരേഖകൾ ലംഘിച്ചും സബ്സിഡി അനുവദിച്ചു. രേഖകൾ ഓഫീസിൽ നിന്നും മാറ്റി തെളിവുകളും നശിപ്പിച്ചു. പട്ടം സർവ്വീസ് സഹകരണ ബാങ്കിൽ ഇടനിലക്കാരിയായ സിന്ധു ആരംഭിച്ച അശ്വതി സപ്ലൈയേഴ്സ് എന്ന വ്യാജ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കും അതുവഴി മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റി.


തിരുവനന്തപുരം നഗരസഭാ മേയർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പ്രതികളായ പ്രവീൺരാജ്, തിരുവനന്തപുരം നഗരസഭയിലെ എസ് സി/എസ് ടി പ്രമോട്ടറായിരുന്ന സിന്ധു, സഹായി അജിത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് വിജിലൻസിന് കൈമാറുകയായിരുന്നു.



പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home