സഹകരണ സംഘങ്ങൾ തൊഴിലവസരങ്ങൾ 
സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ: മന്ത്രി പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Apr 27, 2025, 01:43 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സഹകരണ സംഘങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലെന്ന് മന്ത്രി പി രാജീവ്. സഹകരണ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച "തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സഹകരണ സംഘങ്ങളുടെ പങ്ക്' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സഹകരണ ബാങ്കുകൾ സാമ്പത്തിക മേഖലയിൽ മാത്രമല്ല, സാമൂഹിക, സാംസ്കാരിക മേഖലകളിലും ഇടപെടുന്നത് ശ്രദ്ധേയമാണ്. നിലവിൽ സഹകരണ മേഖലയിൽ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യവസായ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ വ്യവസായങ്ങൾ ആരംഭിക്കാനും അതുവഴി തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സാധിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


കേരള സർട്ടിഫിക്കേഷൻ മാർക്ക് വിതരണവും വിവിധ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനവും നടന്നു. എറണാകുളം മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിന്റെ സ്വീറ്റ് പൊട്ടറ്റോ പൗഡർ, കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ ജാക്ക് ഫ്രൂട്ട് വാക്വം ഫ്രൈഡ് ചിപ്സ്, കോഴിക്കോട് ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ കോക്കനട്ട് ചിപ്സ്, ഡെസിക്കേറ്റഡ് കോക്കനട്ട്, കൊടുവള്ളി സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജാക്ക് ഫ്രൂട്ട് ഹൽവ, പാലക്കാട് ചിറ്റൂർ ബ്ലോക്ക് യുവ സഹകരണ സംഘത്തിന്റെ വിവിധ അച്ചാറുകൾ, ജ്യൂസുകൾ, ചമ്മന്തിപ്പൊടി തുടങ്ങിയവയുടെ വിപണനോദ്ഘാടനം മന്ത്രി നിർവഹിച്ചു. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി.


കേരള സംസ്ഥാന ആസൂത്രണ ബോർഡ് ചെയർപേഴ്സൺ പ്രൊഫ. വി കെ രാമചന്ദ്രൻ, കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാൻ എസ് യു രാജീവ്, ഐആർഎംഎ മുൻ പ്രൊഫസർ എച്ച് കെ മിശ്ര, യുഎൽസിസിഎസ് സിഇഒ ടി കെ കിഷോർ കുമാർ എന്നിവരും ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് ബിസിനസ് സ്കൂളിലെ ഡോ. സിഡ്‌സെൽ ഗ്രിംസ്‌റ്റാഡ് ഓൺലൈനിലും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home