പാചക വാതക, ഇന്ധന വിലവർധനവ്; വില്ലേജുകളിൽ അടുപ്പുകൂട്ടി പ്രതിഷേധിക്കും: കെഎസ്കെടിയു

ksktu
വെബ് ഡെസ്ക്

Published on Apr 08, 2025, 05:08 PM | 1 min read

തിരുവനന്തപുരം : രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തിന് മുകളിൽ തീമഴ വർഷിക്കുന്ന നടപടിയാണ് ഇന്ധന-പാചകവാതക വിലവർധനവിലൂടെ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് കെഎസ്കെടിയു. സംസ്ഥാന കമ്മറ്റിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.


രാജ്യത്ത് ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്ന പാചകവാതക സിലിണ്ടറിനടക്കം അമ്പത് രൂപയുടെ വർധനവാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇന്ധനത്തിനും പാചകവാതകത്തിനും വിലവർധിപ്പിക്കാനുള്ള ഒരു സാഹചര്യവും നിലവിൽ രാജ്യത്തിലില്ല. അന്താരാഷ്ട്ര വിപണയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. നിലവിലുള്ള വിലയിൽ നിന്നും ഏറെ വിലകുറച്ച് ഇന്ധനവും പാചകവാതകവും വിതരണം ചെയ്യാൻ പറ്റുന്ന വിധത്തിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിലക്കുറവ് നിലനിൽക്കയാണ്. അത്തരമൊരു സാഹചര്യത്തിലുള്ള വിലവർധനവ് ജനങ്ങളോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണ്.


എണ്ണ കമ്പനികൾക്ക് മുന്നിൽ മുട്ടിലിഴയുന്ന കേന്ദ്ര സർക്കാർ നടപടിയുടെ ഭാഗമായാണ് ക്രൂഡോയിൽ വില കുറഞ്ഞ ഘട്ടത്തിൽ പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം തീരുവ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യം കടുത്ത വിലക്കയറ്റത്തിലേക്ക് കൂപ്പുകുത്തും. പാചക വാതകത്തിന്റെ വില വർധനവോടെ പാവപ്പെട്ട കുടുംബങ്ങൾക്ക് നിലവിലുള്ള വരുമാനത്തിൽ മുന്നോട്ടുപോകുവാൻ ബുദ്ധിമുട്ടുണ്ടാവും. അടുക്കളകൾ പ്രതിസന്ധിയിലാവും. സ്ത്രീകളുടെ ദുരിതവും വർധിക്കും. സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന നയങ്ങളും നിലപാടുകളും മുന്നോട്ടുവെക്കുന്ന കേന്ദ്ര സർക്കാർ, കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ജീവിതം നിഷേധിക്കുകയാണ്. കേന്ദ്ര സർക്കാർ അന്യായമായി ഇന്ധന-പാചക വാതക വിലകൾ വർധിപ്പിച്ചതിനെതിരായി കർഷക തൊഴിലാളി യൂണിയൻ വനിതാ സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 9,10 തിയ്യതികളിൽ വില്ലേജ് തലത്തിൽ പ്രകടനവും അടുപ്പുകൂട്ടി പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് കെ എസ് കെ ടി യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിലൂടെ അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Home