തിരുവനന്തപുരം വർക്കലയിലും അഞ്ചുതെങ്ങിലും കണ്ടെയ്നറുകളെത്തി

ആലപ്പുഴ ആറാട്ടുപുഴ തറയിൽക്കടവ് ഭാഗത്തടിഞ്ഞ കണ്ടെയ്‌നറുകളും അതിനുള്ളിലുണ്ടായിരുന്ന പെട്ടികളും ഫോട്ടോ കെ എസ് ആനന്ദ്
തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3ൽനിന്ന് കടലിൽ വീണ കണ്ടെയ്‌നറുകൾ തിരുവനന്തപുരം തീരത്തും അടിഞ്ഞു. വർക്കല അയിരൂർ ഭാഗത്തും പാപനാശം ബീച്ചിലും ഇടവ മന്ത്ര ഭാഗത്തും അഞ്ചുതെങ്ങിലും മുതലപ്പൊഴി താഴംപള്ളി ഭാഗത്തുമാണ് കണ്ടെയ്‌നറുകൾ കണ്ടെത്തിയത്. കണ്ടെയ്നറിന് ഒപ്പം ചാക്കുകെട്ടുകളും തീരത്തടിഞ്ഞു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ തീരങ്ങളിലായി 39 കണ്ടെയ്നറുകളാണ് ഇന്നലെ വരെ തീരത്തടിഞ്ഞത്. കണ്ടെയ്‌നറുകളിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തതായി കണക്കാക്കി ഇറക്കുമതിച്ചുങ്കം ചുമത്താൻ കസ്റ്റംസ് തീരുമാനിച്ചു. കപ്പലിന്റെ ഉടമ ചുങ്കമടച്ച് ചരക്ക് ഏറ്റെടുക്കണം. അല്ലെങ്കിൽ കണ്ടുകെട്ടുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. തീരവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കാൻ യോഗം നിർദേശിച്ചു. 35 കണ്ടെയ്‌നറാണ് കൊല്ലം തീരത്തടിഞ്ഞത്. തിരുമുല്ലവാരം ക്ഷേത്രത്തിനുസമീപം പാരിൽ തട്ടി താഴ്‌ന്നനിലയിൽ രണ്ടെണ്ണവും കണ്ടെത്തി. ഏഴെണ്ണത്തിൽ തേയില, ചൈനീസ് ടീ ബാഗ്, പേപ്പർ, പരുത്തി എന്നിവയായിരുന്നു. ശേഷിക്കുന്നവ കാലിയാണ്. തീരത്തടിഞ്ഞവ നീക്കാൻ എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ ഏഴ് സംഘങ്ങൾ ഉടനെത്തും. ദേശീയ ദുരന്തനിവാരണസേനയുടെ ചെന്നൈ യൂണിറ്റും സ്ഥലത്തെത്തി.
തിങ്കൾ രാവിലെ ആറോടെ രണ്ട് കണ്ടെയ്‌നർ ആലപ്പുഴ ആറാട്ടുപുഴ തറയിൽക്കടവിലെ തീരത്തടിഞ്ഞു. ഒന്ന് കടൽഭിത്തിയിൽ തങ്ങിനിന്നപ്പോൾ രണ്ടാമത്തേത് കടൽഭിത്തിയിലിടിച്ച് തകർന്നു. അസംസ്‌കൃത പരുത്തിയാണ് അതിലുണ്ടായിരുന്നത്. കപ്പലിൽനിന്ന് ചോർന്ന എണ്ണ നശിപ്പിക്കാനുള്ള തീവ്രശ്രമം തുടരുന്നു. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്‌തുക്കളാണ്. കാൽസ്യം കാർബൈഡ് ചേർന്നവയിൽ വെള്ളം കലർന്നാൽ തീ പിടിക്കാവുന്നതും പൊള്ളലിന് കാരണമാകാവുന്നതുമായ രാസവസ്‌തുവുണ്ട്.
കപ്പൽ മുങ്ങിയ ഇടത്തുനിന്ന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ ആരും മീൻപിടിക്കാൻ പോകരുത്. കൂടുതൽ സുരക്ഷാസജ്ജീകരണമൊരുക്കാൻ തീരസംരക്ഷണ സേനയ്‌ക്കും തുറമുഖ വകുപ്പിനും നാവികസേനയ്‌ക്കും നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്‌നറുകൾ അടിയുന്നത് മൂലം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പ്രതിവിധിയും പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉന്നതതല യോഗംചേർന്നു.









0 comments