നിർമാണ പ്രവൃത്തികൾ പ്രളയത്തിൽ തകർന്നു: ഇൻഷുറൻസ് നിരസിച്ച കമ്പനി 23.31 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: നിർമാണ പ്രവൃത്തികൾ പ്രളയത്തിൽ തകർന്നപ്പോൾ ഇൻഷുറൻസ് നിരസിച്ച കമ്പനി 23.31 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകമീഷൻ. വാട്ടർ ട്രീറ്റ്‌മെന്റ്റ് പ്ലാന്റ് തകർന്നതുമായി ബന്ധപ്പെട്ട് ബജാജ് അലൈൻസ് ഇൻഷുറൻസ് കമ്പനി ക്ലയിം നിഷേധിച്ചതിനെതിരെ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയ വ്യക്തി ഉപഭോക്തൃകമീഷനിൽ നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. മലപ്പുറം മേൽമുറി താമരശേരി സ്വദേശി അബ്ദുൾ സമദ് നൽകിയ പരാതിയിലാണ് കമീഷന്റെ വിധി.
കാക്കനാട് സ്മാർട്ട് സിറ്റിയുടെ ഭാഗമായി കടമ്പ്രയാർ തീരത്ത് നിർമ്മിക്കുന്ന വാട്ടർ ട്രീറ്റ്‌മെന്റ്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവൃത്തികൾ പരാതിക്കാരൻ ഇൻഷൂർ ചെയ്തിരുന്നു. 2019 ഒക്ടോബർ മാസത്തെ വെള്ളപൊക്കത്തിൽ നിർമ്മാണ പ്രവൃത്തികൾ തകർന്നു. ഇൻഷുറൻസ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും അനുവദിച്ചില്ല. അപകട വിവരം അറിയിക്കുന്നതിൽ കാലതാമസമുണ്ടായി എന്നും കാലവർഷം നേരത്തേ ആരംഭിച്ചിട്ടും മതിയായ മുൻകരുതൽ എടുക്കാതെ വീഴ്ച വരുത്തി എന്നും ആരോപിച്ചാണ് കമ്പനി ഇൻഷുറൻസ് നിഷേധിച്ചത്.
ഇതിനെതിരെയുള്ള പരാതിയിലാണ് കമീഷന്റെ വിധി. അടിയന്തിര സ്വഭാവമുള്ളതും സമയബന്ധിതമായി നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കേണ്ടിയിരുന്നതിനാലുമാണ് കാലതാമസമുണ്ടായതെന്നും ബോധപൂർവം വീഴ്ചവരുത്തിയതല്ലെന്നുമുള്ള പരാതിക്കാരന്റെ വാദം കമീഷൻ അംഗീകരിച്ചു. ഹൈദരാബാദിൽ നിന്നും ഇൻഷുറൻസ് സർവേയർ സൗജയ് കുമാറിനെ കമീഷൻ മുമ്പാകെ വരുത്തി വിസ്തരിച്ചെങ്കിലും പരാതിക്കാരന്റെ ഭാഗത്തുനിന്നും നിർമാണ പ്രവൃത്തിയിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ലെന്ന ആക്ഷേപം തെളിയിക്കാനായില്ല.
ഇതേ തുടർന്ന് ഇൻഷുറൻസ് തുകയായ 23,31,446 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 15,000 രൂപയും ഒരു മാസത്തിനകം നൽകുന്നതിന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷൻ വിധിച്ചു. വീഴ്ച വരുത്തിയാൽ വിധിയായ തിയതി മുതൽ ഒൻപത് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.









0 comments