ആദിവാസി മേഖലകളും കണക്ടഡ്; ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതി ആദ്യഘട്ടം പൂർത്തിയായി


സ്വന്തം ലേഖകൻ
Published on Jul 09, 2025, 09:00 AM | 1 min read
തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങൾ താമസിക്കുന്ന മേഖലകളെ ഡിജിറ്റലൈസ് ചെയ്യാനുള്ള കെ ഫോണിന്റെ ‘കണക്ടിങ് ദി അൺ കണക്ടഡ് 'പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളിൽ 2 പഠനമുറികൾക്കും 103 വീടുകൾക്കും ഇന്റർനെറ്റ് ലഭ്യമാക്കി.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപ്രതിനിധികളുടെ പ്രാദേശിക അടിസ്ഥാന സൗകര്യവികസന ഫണ്ട്, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ ധനസഹായം എന്നിവ വിനിയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കാണ് കോട്ടൂരിലെ ഇന്റർനെറ്റ് സേവനത്തിന് സാമ്പത്തിക സഹായം നൽകിയത്. ഇന്റർനെറ്റ് എത്താൻ പ്രയാസമുള്ള ഉൾപ്രദേശങ്ങളിൽ ഫൈബറുകൾ വിന്യസിച്ച് മികച്ച ഇന്റർനെറ്റ് കണക്‌ഷനും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാനാവും. മറ്റ് സേവന ദാതാക്കൾക്ക് ഇത് ലീസിനെടുത്ത് സേവനം നൽകാൻ അവസരമുണ്ട്.
വയനാട് പന്തലാടിക്കുന്നിൽ കെ–ഫോൺ നേരിട്ട് നൽകിയിരിക്കുന്ന കണക്‌ഷനുകളിൽനിന്ന് 2 വൈഫൈ ആക്സസ് പോയിന്റ് വഴി പത്തിലധികം വീടുകളിൽ ഇന്റർനെറ്റ് ലഭിക്കുന്നുണ്ട്. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി മേഖലയിലും 250ലധികം വാണിജ്യ ഇന്റർനെറ്റ് കണക്ഷനുകൾ നൽകി.
അട്ടപ്പാടിയിൽ 396 കുടുംബങ്ങളിലും അങ്കണവാടികളിലും കണക്ഷൻ നൽകി. മറ്റ് ആദിവാസി മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെ ഫോൺ ബിപിഎൽ കണക്ഷൻ നൽകുന്നുണ്ട്. പത്തനംതിട്ടയിലെ റാന്നി, വടശേരിക്കര, ശബരിമല എന്നിവിടങ്ങളിലും വയനാട്, ഇടുക്കി ജില്ലകളിലെ ഉൾപ്രദേശങ്ങളിലും കെ --ഫോൺ സേവനം ഉറപ്പുവരുത്താനായി.









0 comments