‘ഹൃദയപൂർവം’ പദ്ധതിയിൽ കോൺഗ്രസ് അനുഭാവ കുടുംബങ്ങൾ പൊതിച്ചോർ നൽകിയതാണ് പ്രകോപിപ്പിച്ചത്
പൊതിച്ചോർ ശേഖരണം ; ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് കോൺഗ്രസ് നേതാവിന്റെ മർദനം

പൊതിച്ചോർ ശേഖരണത്തിനിടെ കണ്ണവം വെങ്കളത്ത് ഡിവൈഎഫ്ഐ പ്രവർത്തകരെ കൈയേറ്റംചെയ്യുന്ന കോൺഗ്രസ് നേതാവ് ഇ പ്രഭാകരൻ
കൂത്തുപറമ്പ് :
ഡിവെെഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതിയിലേക്ക് കോൺഗ്രസ് അനുഭാവ കുടുംബങ്ങൾ പൊതിച്ചോർ നൽകിയതിൽ പ്രകോപിതനായി ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ചും അസഭ്യം പറഞ്ഞും കോൺഗ്രസ് നേതാവ്. തലശേരി ജനറൽ ആശുപത്രിയിലെ അശരണരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള പൊതിച്ചോർ ശേഖരണത്തിനെത്തിയ ഡിവൈഎഫ്ഐ ചെറുവാഞ്ചേരി മേഖലാ കമ്മിറ്റി അംഗവും സിപിഐ എം ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ ശരത്കുമാർ, യൂണിറ്റ് ജോ. സെക്രട്ടറി പി ലാലു എന്നിവരെയാണ് മുൻ ഡിസിസി അംഗം ഇ പ്രഭാകരൻ മർദിച്ചത്.
വ്യാഴം രാവിലെ പത്തരയോടെയാണ് സംഭവം. കണ്ണവത്തിനടുത്ത വെങ്ങളം ഖാദി സെന്റർ പരിസരത്തെ കൊളത്തുങ്കരയിലെ ബൈജുവിന്റെ വീട്ടിൽനിന്ന് പൊതിച്ചോർ ശേഖരിക്കുന്നതിനിടെ, പരിസരത്തുണ്ടായിരുന്ന പ്രഭാകരൻ അസഭ്യം പറഞ്ഞുതുടങ്ങി. കോൺഗ്രസ് അനുഭാവ കുടുംബങ്ങൾ ഉൾപ്പെടെ പൊതിച്ചോർ നൽകിയതാണ് പ്രഭാകരനെ പ്രകോപിപ്പിച്ചത്. ഇയാളെ അവഗണിച്ച് തൊട്ടടുത്ത വീട്ടിലേക്ക് പോകുന്നതിനിടെ ശരത്കുമാറിനെയും ലാലുവിനെയും വഴിയിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
ഡിവൈഎഫ്ഐക്കാർക്ക് പൊതിച്ചോർ നൽകുന്നതിൽ പ്രയാസമില്ലെന്നും അവരെ തടയരുതെന്നും വീട്ടുകാർ പറഞ്ഞെങ്കിലും പ്രഭാകരൻ പിന്മാറിയില്ല. സംഭവത്തിൽ കണ്ണവം പൊലീസ് പ്രഭാകരനെതിരെ കേസെടുത്തു.









0 comments