കോണ്‍ഗ്രസില്‍ അടിയോടടി; എൻ ഡി അപ്പച്ചനെ മർദിച്ചവരെ തിരിച്ചടിച്ചു, കണ്ണൂരിലും കൈയാങ്കളി

എൻ ഡി അപ്പച്ചനെ മർദിക്കുന്നു (ഇടത്), എൻ ഡി അപ്പച്ചൻ (വലത്)

സ്വന്തം ലേഖകൻ
Published on Jul 14, 2025, 09:24 AM | 1 min read
പുൽപ്പള്ളി: വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ മർദിച്ചവരെ തിരിച്ചടിച്ച് അനുയായികൾ. കോൺഗ്രസ് പ്രവർത്തകരായ സീതാമൗണ്ട് ഇലവനപ്പാറ എബിൻ ജേക്കബ്, പച്ചിക്കര ഷാജി എന്നിവരെയാണ് മർദിച്ചത്. ശനിയാഴ്‌ച രാത്രി ഇവർ സഞ്ചരിച്ച വാഹനം പിന്തുടർന്ന്, തടഞ്ഞുനിർത്തിയായിരുന്നു മർദനം.
എബിന്റെ പരാതിയിൽ ഡിസിസി സെക്രട്ടറി പി ഡി സജിക്കും കണ്ടാലറിയാവുന്ന മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ പുൽപ്പള്ളി പൊലീസ് കേസെടുത്തു. കൽപ്പറ്റയിൽനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് തങ്ങളെ മർദിച്ചതെന്ന് എബിൻ പരാതിയിൽ പറഞ്ഞു. രണ്ട് വാഹനങ്ങളിലായെത്തി, ഡിസിസി പ്രസിഡന്റിനെ തൊട്ടാൽ വെറുതെ വിടില്ലെന്ന് ആക്രോശിച്ചായിരുന്നു മർദനം. പിന്തുടരുന്നത് മനസ്സിലാക്കി തങ്ങൾ പുൽപ്പള്ളി പൊലീസ് സ്റ്റേഷന് അരികിലേക്ക് വാഹനം ഓടിച്ചെത്തി. എന്നാൽ, സ്റ്റേഷനിൽ കയറുംമുമ്പേ കാർ കുറുകെയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.
ശനിയാഴ്‌ച പകൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വികസനസെമിനാറിലാണ് എൻ ഡി അപ്പച്ചനെ പ്രവർത്തകർ തല്ലിത്താഴെയിട്ടത്.
കണ്ണൂരിലും കൈയാങ്കളി
പഴയങ്ങാടി (കണ്ണൂർ) : കോൺഗ്രസ് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി യോഗത്തിൽ കൈയാങ്കളി. എടനാട് മഹാത്മാ മന്ദിരത്തിൽ ഞായറാഴ്‌ച ചേർന്ന യോഗമാണ് വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചത്. മണ്ഡലം പ്രസിഡന്റ് കെ വിജയൻ വിളിച്ചുചേർത്ത യോഗം, കമ്മിറ്റി അംഗങ്ങളായ കെ പി ശശിയും കെ വി സതീഷ് കുമാറും ചേർന്നാണ് തടസ്സപ്പെടുത്തിയത്.
മാടായി കോളേജിലെ നിയമന പ്രശ്നം പരിഹരിച്ചിട്ടുമതി മണ്ഡലം കമ്മിറ്റിയോഗം എന്നായിരുന്നു ആവശ്യം. കോളേജിലെ നിയമനത്തിന്റെ പേരിൽ എം കെ രാഘവൻ എംപിയെ കോളേജിൽ തടയുകയും വീട്ടിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി കോലം കത്തിക്കുകയും ചെയ്‌തത് ശശിയുടെയും സതീഷ് കുമാറിന്റെയും നേതൃത്വത്തിലാണ്. തുടർന്ന് സസ്‌പെൻഷനിലായിരുന്ന ഇവരെ പിന്നീട് തിരിച്ചെടുത്തു. ശശിയും സതീഷ് കുമാറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ രഹസ്യചർച്ച നടത്തിയിരുന്നു.









0 comments