'ബീഡി- ബിഹാർ' പോസ്റ്റിൽ കുരുങ്ങി കോൺഗ്രസ്; വി ടി ബൽറാം തെറിക്കും

തിരുവനന്തപുരം: 'ബീഡിയും ബിഹാറും ബി യിലാണ് തുടങ്ങുന്നത്'- കോൺഗ്രസ് കേരളഘടകത്തിന്റെ എക്സ് പോസ്റ്റ് വിവാദത്തിൽ നടപടിയുമായി നേതൃത്വം. ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും വി ടി ബൽറാമിനെ നീക്കാനാണ് തീരുമാനം. കോൺഗ്രസിൻറെ സോഷ്യൽ മീഡിയ വിങ് ഉടൻ തന്നെ പുനഃസംഘടിപ്പിക്കുമെന്നും സ്ഥാനമൊഴിയാനുള്ള സന്നദ്ധത ബൽറാം അറിയിച്ചെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു.
പിശക് പറ്റി. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. അതിന് ഉത്തരവാദികളായവർ ഖേദംപ്രകടിപ്പിച്ചിട്ടുണ്ട്. ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്നും സണ്ണി ജോസഫ് പറഞ്ഞു. 'ബിഹാറും ബീഡിയും തുടങ്ങുന്നത് ബി യിൽ ആണെന്നും ഒരു പാപമായി ഇനി കണക്കാക്കാൻ കഴിയില്ല'- എന്ന എക്സ് പോസ്റ്റിനെതിരെ ദേശീയതലത്തിൽ വലിയ വിമർശനം ഉയർന്നതോടെയാണ് നടപടി. പോസ്റ്റിനെതിരെ വൻ വിമർശനം കോൺഗ്രസിനുള്ളിൽ നിന്നും ഇന്ത്യാസഖ്യത്തിലും ഉയർന്നു.
പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവും രംഗത്തെത്തി. പ്രാദേശിക വികാരം വ്രണപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കോൺഗ്രസ് നടപടി തെറ്റാണെന്നും യോജിക്കുന്നില്ലെന്നും പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡിയുമായി ചേർന്ന് കോൺഗ്രസ് മുന്നേറ്റത്തിന് ശ്രമിക്കുന്നതിനിടയിലെ പോസ്റ്റ് ബിജെപി വലിയ ആയുധമാക്കുകയും ചെയ്തു. ബിഹാറിനെ കോൺഗ്രസ് അവഹേളിച്ചെന്നാണ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞത്.
ജിഎസ്ടി കൗണ്‍സില്‍ പുതിയ നിരക്കുകള്‍ തീരുമാനിച്ചപ്പോള്‍ ബിഡിയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ബീഡി പൊതിയുന്ന ഇലകളുടെ നികുതി നിരക്ക് 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും കുറച്ചു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് കേരളയുടെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.









0 comments