നിരപരാധിത്വം തെളിഞ്ഞത്‌ പൊലീസ്‌ അന്വേഷണത്തിൽ

ഡിസിസി ട്രഷററെയും മകനെയും വകവരുത്തിയിട്ടും തീർന്നില്ല ; നിരപരാധിയെ കള്ളക്കേസിൽ 
കുടുക്കിയും കോൺഗ്രസ്‌ ക്രൂരത

congress scam and case wayanad
വെബ് ഡെസ്ക്

Published on Sep 08, 2025, 02:28 AM | 2 min read


കൽപ്പറ്റ

വയനാട്ടിൽ സ്വന്തം പാർടി നേതാക്കൾക്കും പ്രവർത്തകർക്കും നേരെയുള്ള കോൺഗ്രസിന്റെ കൊടുംക്രൂരത തുടരുന്നു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയടക്കമുള്ളവരുടെ നിയമനക്കോഴയിൽ കുരുങ്ങി മുൻ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യചെയ്‌ത്‌ മാസങ്ങൾക്കുള്ളിലാണ്‌ കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചനെ നേതാക്കൾ കള്ളക്കേസിൽ കുടുക്കി 17 ദിവസം ജയിലിലാക്കുന്നത്‌.


സ്‌ഫോടകവസ്‌തുവും കർണാടക മദ്യവും വീട്ടിൽ കൊണ്ടുവച്ച്‌ രാജ്യദ്രോഹക്കുറ്റം ചുമത്താനായിരുന്നു ഡിസിസി പ്രസിഡന്റ്‌ എൻ എഡി അപ്പച്ചന്റെ നേതൃത്വത്തിലുള്ളവരുടെ ശ്രമമെന്ന്‌ ജയിൽമോചിതനായ തങ്കച്ചൻ പറഞ്ഞു. ക്വാറി മാഫിയയിൽനിന്ന്‌ പണം വാങ്ങിയത്‌ എതിർത്തതാണ്‌ വൈരാഗ്യത്തിന്‌ കാരണം. സ്‌ഫോടകവസ്‌തുവും മദ്യവും എത്തിച്ച എൻ ഡി അപ്പച്ചൻ അനുകൂലികൾ തന്നെയായിരുന്നു തങ്കച്ചനെതിരെ പൊലീസിന്‌ രഹസ്യവിവരം കൈമാറിയതും.


കുടുംബത്തിന്റെ പരാതിയുടെയും അന്വേഷകസംഘത്തിന്റെ സംശയത്തിന്റെയും അടിസ്ഥാനത്തിൽ ജില്ലാ പൊലീസ്‌ മേധാവി പുൽപ്പള്ളി സർക്കിൾ ഇൻസ്‌പെക്‌ടറോട്‌ വിശദ അന്വേഷണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. നിരപരാധിയാണെന്ന്‌ പൊലീസ്‌ കണ്ടെത്തിയതിനെ തുടർന്നാണ്‌ ഞായർ ഉച്ചയോടെ ജയിൽമോചിതനായത്‌.


സഹകരണ സ്ഥാപനങ്ങളിൽ നിയമനം വാഗ്‌ദാനംചെയ്‌ത്‌ ഉദ്യോഗാർഥികളിൽനിന്ന്‌ കോടികൾ തട്ടി തലയിൽ കെട്ടിവച്ചതോടെയാണ്‌ 2024 നവംബറിൽ മകന്‌ വിഷംനൽകിയശേഷം വിജയൻ ആത്മഹത്യചെയ്‌തത്‌. കേസിൽ പ്രതികളായ എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും അറസ്റ്റിലായിരുന്നു. കോഴ നൽകിയിട്ടും ജോലി കിട്ടാതായതോടെ പണം തിരിച്ചുകിട്ടാനായി ഉദ്യോഗാർഥികൾ സമീപിച്ചതോടെയാണ്‌ വിജയൻ ജീവനൊടുക്കിയത്‌. മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട്ട്‌ ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന്‌ പിരിച്ചുവിട്ടും കോൺഗ്രസ്‌ ക്രൂരതകാട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നേതാക്കൾ കാലുവാരി തോൽപ്പിച്ച മനോവിഷമത്തിൽ 2015 നവംബറിൽ മാനന്തവാടി ബ്ലോക്ക്‌ കോൺഗ്രസ് ഓഫീസിൽ ബ്ലോക്ക്‌ പ്രസിഡന്റായിരുന്ന പി വി ജോൺ തൂങ്ങിമരിച്ചിരുന്നു.


ഇപ്പോൾ കിട്ടിയ പ്രതി ചൂണ്ടയിലെ ഇരമാത്രം

പൊലീസിന്‌ ഇപ്പോൾ കിട്ടിയ പ്രതി ചൂണ്ടയിലെ ഇരമാത്രമാണെന്ന്‌ മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ ജയിൽമോചിതനായശേഷം കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരണം. കൊളുത്തിയിട്ടവനും ചൂണ്ട പിടിച്ചവനുമൊക്കെ ഒളിവിലാണ്‌. അഭിഭാഷകനായ ഡിസിസി ജനറൽ സെക്രട്ടറിയും മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റും ചേർന്ന്‌ പാർടിയുടെ പേരിൽ ക്വാറി മാഫിയയിൽനിന്ന്‌ പണം വാങ്ങി. ഇത്‌ ചോദ്യംചെയ്‌തതാണ്‌ ഞങ്ങൾക്കെതിരെ തിരിയാൻ കാരണം. വീട്ടിൽ കിടത്തിയുറക്കില്ലെന്ന്‌ പറഞ്ഞിരുന്നു. ഒരുത്തനെ ജീപ്പിടിച്ച്‌ കൊല്ലാൻ നോക്കി. ഓടി പൊലീസ്‌ സ്‌റ്റേഷനിൽ കയറിയതിനാലാണ്‌ രക്ഷപ്പെട്ടത്‌. ആക്രമിക്കാൻ കാറുമായി ഒരാളുടെ വീട്ടിൽച്ചെന്നു. സിസിടിവി ഉണ്ടെന്നറിഞ്ഞ്‌ പിൻമാറി. മറ്റൊരാളുടെ വീട്ടിലെത്തിയപ്പോൾ പട്ടി കുരച്ചതോടെ ഓടിപ്പോയി.


വക്കീൽ ബുദ്ധിയിലാണ്‌ തോട്ടയും ചാരായവും വന്നത്‌. പുൽപ്പള്ളി ഇൻസ്‌പെക്ടറുടെ അന്വേഷണത്തിലാണ്‌ സത്യം തെളിഞ്ഞത്‌. മറ്റൊരാളെക്കൊണ്ട്‌ എൻ ഡി അപ്പച്ചൻ ഞങ്ങൾ 12 പേരുടെ പേരിൽ കേസ്‌ കൊടുപ്പിച്ചിട്ടുണ്ട്‌. ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം പി ഡി സജിയാണ്. പാർടി വിമതനായി ജയിച്ച്‌ പഞ്ചായത്ത്‌ അംഗമായ ജോസ്‌ നെല്ലേടവും കൂടെയുണ്ട്‌. ഞങ്ങൾ പാർടി സ്ഥാനാർഥിക്കൊപ്പം നിന്നവരാണ്‌. ഇതിന്റെ വൈരമാണ്‌. കെപിസിസിക്ക്‌ പരാതി നൽകിയിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home