ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികാഘോഷത്തിലും പങ്കെടുത്തില്ല
ഗ്രൂപ്പ് പോര് മുറുകി ; കെപിസിസി യോഗം ബഹിഷ്‌കരിച്ച് വി ഡി സതീശൻ
തിരുവനന്തപുരം
കെ സുധാകരൻ വിളിച്ച് ചേർത്ത കെപിസിസി യോഗം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബഹിഷ്‌കരിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികാഘോഷച്ചടങ്ങിലും സതീശൻ പങ്കെടുത്തില്ല. തലസ്ഥാനത്തുണ്ടായിട്ടും പ്രധാനപ്പെട്ട രണ്ട് പരിപാടികളും സതീശൻ ബഹിഷ്‌ക്കരിച്ചതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി.
വ്യാഴം പകൽ രണ്ടിനായിരുന്നു ഇന്ദിരാഭവനിൽ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം . സതീശൻ എത്തിയതിനുപിന്നാലെ സുധാകരൻ ഭക്ഷണം കഴിക്കാൻ പോയി. തുടർന്ന് യോഗം വൈകിയതിൽ പ്രതിഷേധിച്ച് സതീശൻ ഇറങ്ങിപ്പോവുകയായിരുന്നു. ഏഴരക്ക് യോഗം അവസാനിക്കുന്നതുവരെയും തിരിച്ചെത്തിയില്ല.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികാഘോഷച്ചടങ്ങ് നടക്കുമ്പോൾ കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തുകയായിരുന്നു. ഉച്ചയ്‌ക്കുശേഷം നിയമസഭാ പുസ്‌തകോത്സവത്തിനുംപോയി. എ കെ ആന്റണിയടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗമാണ് ബഹിഷ്‌കരിച്ചത്. അതേ സമയം ജി കാർത്തികേയനെക്കുറിച്ചുള്ള പുസ്‌തകപ്രകാശനച്ചടങ്ങിലും മറ്റൊരു പുസ്‌തകച്ചർച്ചയിലും പങ്കെടുത്തു.
പുനഃസംഘടനയെച്ചൊല്ലിയുള്ള തർക്കമാണ് കെ സുധാകരനും സതീശനുമായി വീണ്ടും തെറ്റാനിടയാക്കിയത്. കെപിസിസി പ്രസിഡന്റുൾപെടെ മാറുന്ന സമഗ്ര അഴിച്ചുപണിയായിരുന്നു വി ഡി സതീശന്റെ ആവശ്യം. അങ്ങനെയെങ്കിൽ പ്രതിപക്ഷ നേതാവും മാറണമെന്ന് കെ സുധാകരനും നിലപാടെടുത്തു. രമേശ് ചെന്നിത്തലയടക്കമുള്ളവർ സുധാകരനെ പിന്തുണച്ചു. പിന്നീടാണ് എൻഎസ്‌എസ് വേദിയിലേക്ക് ചെന്നിത്തലയ്‌ക്കുള്ള ക്ഷണം ലഭിച്ചത്. മുസ്‌ലിം ലീഗുൾപ്പടെ ചെന്നിത്തലയ്‌ക്ക് പിന്തുണയുമായി വന്നതും പാർടിക്കുള്ളിൽ ഒറ്റപ്പെടുന്നതും സതീശനെ അസ്വസ്ഥനാക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് ഭാരവാഹികളിലേറെയും സതീശനെ പിന്തുണക്കുന്നവരാണ്.
0 comments