പന്തളത്ത് കൈരളി ടിവി വാർത്താ സംഘത്തിന് നേരെ കോൺഗ്രസ് ആക്രമണം

പന്തളം: കെപിസിസി വിശ്വാസസംരക്ഷണ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം. കൈരളി ന്യൂസ് റിപ്പോർട്ടർ ഷാജഹാനെ കൈയേറ്റംചെയ്‌ത സംഘം കാമറാമാൻ അയ്യപ്പനെ പിടിച്ചുതള്ളി. കാമറ തല്ലിപ്പൊട്ടിക്കാൻ ശ്രമിച്ചു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കോൺഗ്രസ് നേതാക്കൾ പ്രസംഗിക്കുമ്പോൾ ആളൊഴിഞ്ഞ കസേരയുടെ ദൃശ്യം കൈരളി ന്യൂസ് പകർത്തിയതാണ് കോൺഗ്രസ്– യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പിന്നീട് മറ്റ് മാധ്യമപ്രവർത്തകർക്കെതിരെയും അക്രമികൾ തിരിഞ്ഞു. മാതൃഭൂമി, മീഡിയ വൺ ചാനലുകളുടെ മൈക്കും പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. പൊലീസ് എത്തിയാണ് മാധ്യമപ്രവർത്തകരെ അക്രമികളിൽനിന്ന് രക്ഷിച്ചത്.
രാവിലെ പത്തനംതിട്ട ചെറുകോൽപ്പുഴയിൽ കോൺഗ്രസ് ജംബോ കമ്മിറ്റിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആക്രോശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ട് പന്തളത്ത് നടന്ന പരിപാടിക്കിടയിലും മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമ സംഘത്തിന് നേരെയും കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റ ശ്രമം നടത്തിയിരുന്നു. റിപ്പോർട്ടർ ടിവിയുടെ മാധ്യമ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മേപ്പയൂരിലും പേരാമ്പ്രയിലുമാണ് കോൺഗ്രസ് പ്രവർത്തകർ മാധ്യമ സംഘത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മാധ്യമ സംഘത്തിന്റെ വാഹനം അടിച്ചുതകർക്കാനും ശ്രമം നടന്നു.
കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ചാനൽ അറിയിച്ചു. പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളിലെ തെളിവുകൾ പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ചാനലായിരുന്നു. തുർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങൾ നടന്നു. പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിന് ഗതികെട്ട് രാജിവയ്ക്കേണ്ടി വന്നു. പ്രതിഷേധങ്ങളിൽ നിന്നും മുഖം രക്ഷിക്കാൻ കോൺഗ്രസിൽ നിന്ന് രാഹുലിനെ താത്കാലികമായി സസ്പെൻഡ് ചെയ്തു. രാഹുലിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതികൾ ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി.









0 comments