എൻ എം വിജയന്റെ കുടുംബത്തിന് എതിരെ വീണ്ടും കോൺഗ്രസ്


അജ്‌നാസ് അഹമ്മദ്
Published on Sep 16, 2025, 03:42 AM | 2 min read
ബത്തേരി (വയനാട്): നിയമനക്കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തോട് ക്രൂരത തുടർന്ന് കോൺഗ്രസ്. ബത്തേരി സഹകരണ അർബൻ ബാങ്കിൽനിന്ന് വിജയനെടുത്ത വായ്‌പ കോൺഗ്രസിനായി ചെലവഴിച്ചതല്ലെന്നും ഇൗടായ വീടിനും സ്ഥലത്തിനുമുകളിലും തുടർ നടപടി പാർടി നേതൃത്വം പറഞ്ഞാൽ സ്വീകരിക്കുമെന്നും ബാങ്ക് ചെയർമാനായ ഡിസിസി സെക്രട്ടറി ഡി പി രാജശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് നൽകിയ പണം വിജയന്റെ കുടുംബം ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് ടി സിദ്ദിഖ് എംഎൽഎ അധിക്ഷേപിച്ചതിനെതുടർന്ന് മരുമകൾ പത്മജ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാങ്കിന്റെ ഭീഷണി. വീടും സ്ഥലവും പണയപ്പെടുത്തിയത് കോൺഗ്രസിനുവേണ്ടിയാണെന്ന് വിജയൻ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു. പലിശയടക്കം 69 ലക്ഷം രൂപയാണ് തിരിച്ചടയ്‌ക്കാനുള്ളത്. ഇൗ തുക പാർടിക്ക് മാത്രമായാണ് ചെലവഴിച്ചതെന്നും പത്മജ പറഞ്ഞു. കോൺഗ്രസിന്റെ സൈബർ സംഘങ്ങൾ വേട്ടയാടുകയാണ്. സൈബർ ആക്രമണം രൂക്ഷമായതോടെ പരാതി നൽകിയെന്നും അവർ പറഞ്ഞു. ബിസിനസ് ആവശ്യത്തിന് 2007ൽ വിജയൻ 10 ലക്ഷം രൂപ വായ്‌പയെടുത്തെന്നും 2021ൽ 45 ലക്ഷമാക്കി പുതുക്കിയെന്നും രാജശേഖരൻ പറഞ്ഞു.
സഹകരണ ബാങ്കുകളിൽ നിയമനം നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽനിന്ന് കോഴവാങ്ങി, ബാധ്യത ട്രഷററായിരുന്ന വിജയന്റെ തലയിൽ ഡിസിസി നേതൃത്വം കെട്ടിവയ്‌ക്കുകയായിരുന്നു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ തുടങ്ങിയവരുടെ നിർദേശപ്രകാരമാണ് വിജയൻ കടംവാങ്ങിയതും ബാങ്കിലെ വായ്‌പ പുതുക്കിയതും. ഇവർ കൈയൊഴിഞ്ഞതോടെയാണ് മകന് വിഷം നൽകി വിജയൻ ജീവനൊടുക്കിയത്.
രണ്ടര കോടിയോളമാണ് ആകെ ബാധ്യത. കുടുംബത്തിന് കെപിസിസി ആകെ നൽകിയത് 20 ലക്ഷം രൂപ. 25 ലക്ഷം രൂപ പണമായി നൽകാമെന്നും സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ 10 ലക്ഷം രൂപയുടെ ബാധ്യത ഏറ്റെടുക്കുമെന്നും വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ജൂണിൽ കുടുംബത്തിന് നൽകാമെന്നുമായിരുന്നു കെപിസിസിയുടെ കരാർ. എന്നാൽ, ഇത് പാലിച്ചില്ല.
നേതൃത്വത്തിന് മനസ്സാക്ഷിയില്ല
ബത്തേരി: എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പുപോലും വ്യാജമെന്ന് പറയുന്നത്ര മനസ്സാക്ഷിയില്ലാത്തവരായി കോൺഗ്രസ് മാറിയെന്ന് മരുമകൾ പത്മജ. വിജയന്റെ വായ്‌പകൾ വ്യക്തിപരമാണെന്ന നേതാക്കളുടെ വാദത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. ബാധ്യതകൾ കോൺഗ്രസിനായി എടുത്ത വായ്‌പയാണെന്ന് ബോധ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ കടങ്ങൾ തീർക്കാമെന്ന് കരാർ ഒപ്പിട്ടവരാണ് ഇപ്പോൾ കൈമലർത്തുന്നത്. കുടുംബത്തിന് നൽകുന്ന സഹായം കോൺഗ്രസിന്റെ ഒൗദാര്യമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ആകെ ബാധ്യത രണ്ടരക്കോടിയിലധികം രൂപ ആധാരം കിട്ടിയശേഷം വീടുവിറ്റ് തീർക്കാമെന്നാണ് പ്രതീക്ഷ. സിപിഐ എം സഹായിക്കാമെന്ന് അറിയിച്ചപ്പോൾ വിജയന്റെ കുടുംബത്തിന് വേറെ ആരുടെയും ഒൗദാര്യംവേണ്ടന്നും തങ്ങൾ സംരക്ഷിക്കുമെന്നും പറഞ്ഞവരാണ് കരാറടക്കം മോഷ്‌ടിച്ചത്. കോഴവാങ്ങിയവരെ സംരക്ഷിച്ച് ഇരകളെ ആക്രമിക്കുകയാണ് കോൺഗ്രസെന്നും സ്വന്തം പാർടിയിൽ വിശ്വാസം നഷ്ടമായെന്നും പത്മജ പറഞ്ഞു.









0 comments