താനൂർ ഹാർബറിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി; നാല് പേർക്കെതിരെ പരാതി

താനൂർ: താനൂർ ഹാർബറിൽ വ്യാപകമായി ചെറുമീൻ പിടിക്കുന്നത് തടയാൻ എത്തിയ ഫിഷറീസ് മറൈൻ എൻഫോസ്‌മെന്റ് വിംഗ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതായി പരാതി. ഹാർബറിൽ വ്യാപകമായി ചെറുമീൻ എത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് സംഭവം.
98 പെട്ടികളിലായി ഏകദേശം 3500 കിലോ വരുന്ന തിരിയൻ ചമ്പാൻ കസ്റ്റഡിയിലെടുത്തു. ഈ മീൻ പുറംകടലിൽ തള്ളാൻ ഒരുങ്ങുമ്പോൾ ഹാർബറിൽ ജോലി ചെയ്യുന്ന ഒരു സംഘം ആളുകൾ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടർന്ന് സംഘം ഹാർബറിൽ തന്നെ ഈ മീൻ തള്ളി. ഇതോടെ ഹാർബറിൽ ദുർഗന്ധം നിറഞ്ഞു.
ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നാല് പേർക്കെതിരെ താനൂർ പൊലീസിൽ പരാതി നൽകി. കൊങ്ങന്റെ ചെറുപുരക്കൽ യൂനുസ്, മങ്കിച്ചിന്റെ പുരക്കൽ അബ്ദുള്ള കോയ, കൊങ്ങന്റെ ചെറുപുരക്കൽ നൗഷാദ്, പൊട്ടിന്റെകത്ത് അൻസാർ തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയത്. നേരത്തേ ഹാർബറിലെ മാലിന്യ പ്രശ്നത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപ്പെട്ടിരുന്നു.
ഹാർബറിൽ മാലിന്യ പ്രശ്നം സൃഷ്ടിച്ചതിന് മുനിസിപ്പാലിറ്റി ആക്ട്, പബ്ലിക് ഹെൽത്ത് ആക്ട് എന്നിവ പ്രകാരം നടപടി എടുക്കുന്നതിനു താനൂർ നഗരസഭ സെക്രട്ടറിക്കും പരാതി നൽകിയെന്ന് അധികൃതർ അറിയിച്ചു. താനൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് സജീർ, കോസ്റ്റൽ പൊലീസ് എഎസ്ഐ മനോജ്, മറൈൻ എൻഫോസ്‌മെന്റ് വിംഗ് മനു, ഫിഷറീസ് റെസ്‌ക്യു ഗാർഡുമാരായ നൗഷാദ്, ബാബു, ഫാറൂഖ്, ഫൈസൽ, സലാം എന്നിവരുടെ നേതൃത്വത്തിലാണ് ഹാർബറിൽ പരിശോധന നടത്തിയത്.









0 comments