സപ്ലൈകോ ഓണം ഫെയറിന് തുടക്കം
സാധാരണക്കാരന് കീശകീറാതെ ഓണം ആഘോഷിക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: സാധാരണക്കാരന് കീശകീറാതെ ഓണം ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സമഗ്ര വിപണി ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഓണം സമൃദ്ധിയുടേയും ക്ഷേമത്തിന്റെയും കാലമാണ്. ജനങ്ങൾക്ക് ഓണം സമൃദ്ധമായി ആഘോഷിക്കാനാകണം എന്നതാണ് ഇത്തരം ഓണച്ചന്തകളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെപ്‌തംബർ നാലുവരെ ഓണം ഫെയറിലൂടെ പൊതുജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാം. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനംവരെ വിലക്കുറവുണ്ടാകും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മെഗാ ഫെയറുകൾ നടക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഇത് തുടങ്ങും. 140 നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്‌തംബർ നാലുവരെ നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.
ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് 8 കിലോ സബ്‌സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ വാങ്ങാം. 94 ലക്ഷം കാർഡുകാർക്കും ഇതുവാങ്ങിക്കാം. സബ്സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർധിപ്പിച്ചു.
പ്രമുഖ റീറ്റെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉൽപന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോയിലുണ്ടാകും. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും ലഭിക്കും.
ജൂലൈയിൽ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉൽപ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. 32ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസം 22വരെയുള്ള വിറ്റുവരവ് 180കോടി രൂപയാണ്. 11 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണ്. 22 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചു.









0 comments