ലോക റാങ്കിങ്: കുസാറ്റിന് മുന്നേറ്റം

കളമശ്ശേരി: ടൈംസ് ഹയർ എഡ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങി 2026ൽ കൊച്ചി സർവകലാശാലയ്‌ക്ക് നേട്ടം. 2025-ലെ 1201–-1500 റാങ്കിങ് പട്ടികയിൽനിന്ന് ഇക്കുറി 1001–-1200 വിഭാഗത്തിലേക്ക് ഉയർന്നു. 2022 മുതൽ 2025 വരെ തുടർച്ചയായി 1201–-1500 വിഭാഗത്തിലായിരുന്ന കുസാറ്റിന്റെ നാലുവർഷത്തിനുശേഷമുള്ള പ്രധാന മുന്നേറ്റമാണിത്.
സംസ്ഥാനതലത്തിൽ കുസാറ്റ് രണ്ടാംസ്ഥാനം നേടുകയും ദേശീയതലത്തിൽ മുൻനിരയിലെ 50 സ്ഥാപനങ്ങളിൽ ഒന്നായി ഇടംപിടിക്കുകയും ചെയ്തു. അധ്യാപനം, ഗവേഷണാന്തരീക്ഷം, ഗവേഷണനിലവാരം, അന്തർദേശീയ കാഴ്ചപ്പാട്, വ്യവസായബന്ധം എന്നീ അഞ്ച് മേഖലകളെ വിലയിരുത്തിയാണ് ടൈംസ് ഹയർ എഡ്യുക്കേഷൻ റാങ്കിങ് നൽകുന്നത്.
ഗവേഷണനിലവാരത്തിലും അന്തർദേശീയ കാഴ്ചപ്പാടിലും ഏറെ മുന്നിലാണ്. ഗവേഷണ നിലവാര സ്കോർ 2025ലെ 29.9ൽനിന്ന് 35.8 ആയും അന്തർദേശീയ കാഴ്‌ചപ്പാട് സ്കോർ 21.8ൽനിന്ന് 25.6 ആയും ഉയർന്നു. എൻഐആർഎഫ്, കെഐആർഎഫ്, ടൈംസ് ഇന്റർഡിസിപ്ലിനറി റാങ്കിങ്, ടൈംസ് ഇംപാക്ട് റാങ്കിങ്, ക്യുഎസ് സസ്റ്റെയിനബിലിറ്റി റാങ്കിങ് തുടങ്ങി എല്ലാ പ്രധാന ദേശീയ, -അന്തർദേശീയ റാങ്കിങ് സംവിധാനങ്ങളിലും ഒരേസമയം മുന്നേറ്റം രേഖപ്പെടുത്തിയ ഏക ഇന്ത്യൻ സർവകലാശാലയെന്ന പ്രത്യേകതയും കുസാറ്റിനുണ്ട്.









0 comments