എസ്എഫ്ഐഒയ്ക്ക് വീണ്ടും തിരിച്ചടി: സിഎംആർഎൽ കേസിലെ തുടർനടപടി തടഞ്ഞ് ഡൽഹി ഹൈക്കോടതി

sfio delhi hc
വെബ് ഡെസ്ക്

Published on May 29, 2025, 03:03 PM | 2 min read

ന്യൂഡൽഹി: സിഎംആർഎൽ കമ്പനിക്കെതിരായ സീരിയസ് ഫ്രോഡ്‌ ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) നടപടികൾ തടഞ്ഞ് ഡൽഹി ഹൈക്കോടതി. വിചാരണക്കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടി പാടില്ലെന്നാണ് കോടതി നിർദ്ദേശം നൽകിയത്.


ഉറപ്പ്‌ ലംഘിച്ചാണ്‌ സിഎംആർഎൽ കമ്പനിക്കെതിരെ എസ്എഫ്ഐഒ വിചാരണക്കോടതിയിൽ കുറ്റപത്രം നൽകിയതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. അന്വേഷണം തുടർന്നാലും കേസിനെ സംബന്ധിച്ച റിപ്പോർട്ടോ കുറ്റപത്രമോ എവിടെയും സമർപ്പിക്കില്ലെന്നും കക്ഷികളുടെ അഭിഭാഷകർ വാക്കാൽ ധാരണയിലെത്തിയിരുന്നുവെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്‌ സ്ഥിരീകരിച്ചു. ഇത്തരമൊരു ഉറപ്പോ ധാരണയോ ഉണ്ടായിരുന്നില്ലന്ന അഡീ. സോളിസിറ്റൽ ജനറലിന്റെയും എസ്‌എഫ്‌ഐഒയുടെയും മറ്റൊരു ബെഞ്ചിലെ അവകാശവാദം കോടതിയെ പറ്റിക്കാനായിരുന്നുവെന്നും വ്യക്തമായി. കുറ്റപത്രം സമർപ്പിച്ചത്‌ ചോദ്യംചെയ്‌ത്‌ കമ്പനി സമർപ്പിച്ച ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ സുബ്രഹ്മണ്യം പ്രസാദ്‌, തന്റെ കോടതിയിൽ കക്ഷികൾ വാക്കാൽ ധാരണയിലെത്തിയിരുന്നുവെന്ന്‌ സ്ഥിരീകരിച്ചത്‌.


കക്ഷികൾക്കിടയിൽ കൃത്യമായും വാക്കാൽ ധാരണയുണ്ടായിരുന്നു. അന്വേഷണം തുടർന്നാലും ഹർജി തീർപ്പാക്കുന്നതുവരെ കുറ്റപത്രം നൽകില്ലന്നായിരുന്നു അത്‌. അത്തരമൊരു ഉറപ്പ്‌ നൽകിയിട്ടും എസ്എഫ്ഐഒ എന്തിന്‌ കുറ്റപത്രം നൽകി–-അഡീ. സോളിസിറ്റർ ജനറൽ ചേതൻ ശർമയോട്‌ കോടതി ചോദിച്ചു. വാക്കാലുള്ള ധാരണകൾ രേഖപ്പെടുത്തണമെന്നാണ്‌ സുപ്രീംകോടതി നിർദേശം. എന്നിരുന്നാലും ചിലപ്പോഴൊക്കെ അഭിഭാഷകർ നൽകുന്ന ഉറപ്പ്‌ കോടതികൾ മുഖവിലയ്‌ക്ക്‌ എടുക്കാറുണ്ട്‌. കേരള ഹൈക്കോടതി കുറ്റപത്രം താൽക്കാലികമായി സ്‌റ്റേ ചെയ്‌തിരിക്കുന്നതിനാൽ കൂടുതൽ നിരീക്ഷണങ്ങൾ നടത്തുന്നില്ലന്നും അത്‌ ഹൈക്കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നും ജസ്‌റ്റിസ്‌ പ്രസാദ്‌ പറഞ്ഞു. കോടതിയിൽ വാക്കാൽ നൽകിയ ഉറപ്പ്‌ ലംഘിക്കപ്പെട്ടുവെന്ന്‌ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹർജി ചീഫ്‌ ജസ്‌റ്റിസന്റെ റോസ്‌റ്റർ ബെഞ്ചിലേയ്‌ക്ക്‌ തിരിച്ചയച്ചു.


കേസ്‌ അവസാനം പരിഗണിച്ച ജസ്‌റ്റിസ്‌ ഗിരീഷ്‌ കത്‌പാലിയുടെ ബെഞ്ചിൽ വാക്കാൽ ഉറപ്പ്‌ നൽകിയിട്ടില്ലന്ന കേന്ദ്രസർക്കാരിന്റെയും എസ്‌എഫ്‌ഐഒയുടെയും വാദം കമ്പനിക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഖണ്ഡിച്ചിരുന്നു. തർക്കമുടലെടുത്തതോടെ കേസ്‌ ആദ്യംപരിഗണിച്ച ജസ്റ്റിസ് സുബ്രമോണ്യം പ്രസാദിന്റെ ബെഞ്ചിലേയ്‌ക്ക്‌ തിരിച്ചയക്കുകയായിരുന്നു. മാർച്ച്‌ 29നാണ്‌ ഉറപ്പ്‌ ലംഘിച്ച്‌ കുറ്റപത്രം കൊച്ചിയിലെ പ്രത്യേകകോടിയിൽ എസ്‌എഫ്‌ഐഒ സമർപ്പിച്ചത്‌. ദുരുദ്ദേശത്തോടെ കുറ്റപത്രത്തിന്റെ പകർപ്പ്‌ ചില മാധ്യമങ്ങൾക്ക്‌ ചോർത്തി നൽകിയന്നും സിഎംആർഎൽ കോടതിയെ അറിയിച്ചിട്ടുണ്ട്‌. വൈകാതെ കുറ്റപത്രം കേരള ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. എസ്എഫ്‌ഐഒ റിപ്പോർട്ടിലെ തുടർ നടപടികൾ മെയ് 23ന് നാല് മാസത്തേക്ക് കൂടി കേരള ഹൈക്കോടതി തടഞ്ഞിരുന്നു. സമൻസ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. നേരത്തെ രണ്ട് മാസത്തേക്ക്‌ തുടർ നടപടികൾ ഹൈക്കോടതി വിലക്കിയിരുന്നു.


സിഎംആർഎൽ– എക്‌സാലോജിക് കരാറിനെതിരായ എസ്എഫ്ഐഒ നടപടി ചോദ്യം ചെയ്ത് സിഎംആർഎൽ നൽ​കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആർഎല്ലിനോടും കേന്ദ്ര സർക്കാരിനോടും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home