സിഎംആർഎൽ കേസ്: എസ്എഫ്ഐഒയ്‌ക്ക് വീണ്ടും തിരിച്ചടി

കൊച്ചി
: സിഎംആർഎൽ–എക്സാലോജിക് കരാറിൽ ക്രമക്കേട് ആരോപിച്ച് കേന്ദ്രസർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾക്കുള്ള വിലക്ക് ഹെെക്കോടതി നാലുമാസത്തേക്കുകൂടി നീട്ടി. എതിർകക്ഷികൾക്ക് സമൻസ് അയക്കുന്നത് അടക്കമുള്ള എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടികളാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ വിലക്കിയത്. എസ്എഫ്ഐഒ നൽകിയ പരാതിയിൽ കേസെടുക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടത് തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സിഎംആർഎൽ കമ്പനി നൽകിയ ഹർജിയിലാണ് നടപടി.
ഏപ്രിലിൽ രണ്ടുമാസത്തേക്ക് നടപടികൾ വിലക്കി ഹെെക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഭാരതീയ നാഗരിക സുരക്ഷ സംഹിതപ്രകാരം (ബിഎൻഎസ്എസ്) കേസെടുക്കാൻ ഉത്തരവിടുന്നതിനുമുമ്പ് എതിർകക്ഷികളെയും കേൾക്കണമെന്നാണ് സിഎംആർഎല്ലിന്റെ വാദം. തുടർനടപടികൾ റദ്ദാക്കണമെന്നും എസ്എഫ്ഐഒ കുറ്റപത്രം പൊലീസ് കുറ്റപത്രമല്ലെന്നും അതിനെ പരാതിയായിമാത്രം കണക്കാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പഴയ നിയമമായ സിആർപിസിയിൽ കേസെടുക്കുന്നതിനുമുമ്പ് എതിർകക്ഷികളെ കേൾക്കണമെന്ന് പറയുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
എസ്‌എഫ്‌ഐഒ റിപ്പോർട്ടിൽ കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന സംശയവും ഹെെക്കോടതി നേരത്തേ പ്രകടിപ്പിച്ചിരുന്നു.
സിഎംആർഎൽ എംഡി ശശിധരൻ കർത്താ, ടി വീണ, കമ്പനി ഉദ്യോഗസ്ഥർ അടക്കമുള്ളവരെ പ്രതിയാക്കിയാണ് എസ്എഫ്ഐഒ പ്രത്യേക കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്.









0 comments